മെൽബൺ: കവിതയും സംഗീതവും നൃത്തവും ഒരേ വേദിയിൽ സംഗമിച്ചപ്പോൾ മെൽബണിലെ മലയാളി സമൂഹത്തിന് അത് അവിസ്മരണീയമായ സാംസ്കാരിക അനുഭവമായി മാറി. വിപഞ്ചിക ഗ്രന്ഥശാലയും മലയാളി പത്രവും സംയുക്തമായി ക്ലെയ്റ്റൺ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഈ വർഷത്തെ ‘അക്ഷരോത്സവം’ നൂറുകണക്കിന് സാഹിത്യപ്രേമികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത കവി വി. മധുസൂദനൻ നായരുടെ സാന്നിധ്യമായിരുന്നു പരിപാടിയുടെ മുഖ്യാകർഷണം. പുസ്തകശാലകളും കലാവിരുന്നുകളും കോർത്തിണക്കിയ വേദിയിൽ കവിതയും സംഗീതവും ആസ്വാദകരുടെ മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങി.
അനൂപ് ശിവശങ്കർ ആലപിച്ച പ്രാരംഭ ഗാനത്തോടെയാണ് സാംസ്കാരിക സായാഹ്നത്തിന് തിരിതെളിഞ്ഞത്. തുടർന്ന് മലയാളി പത്രം ഡയറക്ടർ ഷാൻസി തോമസ് അതിഥികളെയും സദസ്സിനെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. മലയാളി പത്രത്തിന്റെ പതിനാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വിഷൻ എഡിറ്റോറിയൽ ക്വീൻസ്ലാൻഡ് ബ്യൂറോ പ്രതിനിധി ബിസി തോപ്പിൽ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.
സായാഹ്നത്തിന് കാവ്യഭംഗി പകർന്നുകൊണ്ട് അരങ്ങേറിയ ‘കവിതാ സായാഹ്നം’ കാണികളുടെ മനംകവർന്നു. വി.ടി. കുമാരൻ മാസ്റ്ററുടെ ‘എന്റെ സരസ്വതി’ സ്വാതി ആലപിച്ചപ്പോൾ, മുരുകൻ കാട്ടാക്കടയുടെ പ്രശസ്ത കവിതയായ ‘കണ്ണട’ അതുൽ വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് നീലിമ മേനോൻ ഒരുക്കിയ മനോഹരമായ ദൃശ്യാവിഷ്കാരം പരിപാടിക്ക് മിഴിവേകി. ഗിരീഷ് അവണൂർ (അഗസ്ത്യഹൃദയം), ജോഷി (ഇരുളിൻ മഹാനിദ്രയിൽ നിന്ന്), ആര്യ കൊച്ചു കൃഷ്ണൻ (വിശ്വസാഗര വീചിയിൽ), അനൂപ് ദിവാകരൻ (ഭാരതീയം) എന്നിവരുടെ കവിതാലാപനങ്ങൾ സദസ്സിന്റെ നിറഞ്ഞ കൈയടി നേടി.
വേദിയിലെത്തിയ പ്രിയ കവി വി. മധുസൂദനൻ നായരെ ആദരിക്കുന്ന ചടങ്ങിൽ സംഘാടകരും മലയാളി പത്രം പ്രതിനിധികളും ഒന്നടങ്കം അണിനിരന്നു. വിപഞ്ചിക ഗ്രന്ഥശാലയുടെ സ്നേഹോപഹാരം ശ്രീജയും സഞ്ജയും ചേർന്ന് സമർപ്പിച്ചപ്പോൾ, മലയാളി പത്രത്തിന്റെ ഉപഹാരം ബാബു ഫിലിപ്പ് കവിക്ക് കൈമാറി. തുടർന്ന് വി. മധുസൂദനൻ നായർ നടത്തിയ പ്രഭാഷണവും കവിതാലാപനവും സദസ്സിനെ ആവേശഭരിതരാക്കി. സാംസ്കാരിക സമ്മേളനത്തോട് അനുബന്ധിച്ച് വി മധുസൂദനന് നായര് കുട്ടികളെ എഴുത്തിനിരുത്തി
സാംസ്കാരിക സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ബാബു ഫിലിപ്പ് സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും മെൽബൺ ബ്യൂറോ ഹെഡ് ഗിരീഷ് അവണൂർ നന്ദിയും ആശംസകളും അറിയിച്ചു.
തുടര്ന്ന് ഇതിഹാസ ഗായിക എസ്. ജാനകിയമ്മയുടെ സംഗീതയാത്രയെ അനുസ്മരിച്ചുകൊണ്ട് അവതരിപ്പിച്ച ‘മൗനം പോലും മധുരം’ എന്ന പരിപാടി ആസ്വാദകർക്ക് ഗൃഹാതുരമായ അനുഭവം സമ്മാനിച്ചു.
മലയാളി പത്രത്തിന്റെ ചീഫ് എഡിറ്റർ, ഡയറക്ടർ ഷാൻസി തോമസ്, മെൽബൺ ബ്യൂറോ ഹെഡ് ഗിരീഷ് അവണൂർ, ക്വീൻസ്ലാൻഡ് ബ്യൂറോ പ്രതിനിധി ബിസി തോപ്പിൽ എന്നിവർ പരിപാടികളുടെ ഏകോപനത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകി.

