നോർത്തേൺ ടെറിട്ടറി: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തദ്ദേശീയ നേതൃത്വത്തിലുള്ള കാർബൺ വനവൽക്കരണ പദ്ധതിക്ക് നോർത്തേൺ ടെറിട്ടറിയിലെ മെൽവിൽ ദ്വീപിൽ തുടക്കമായി. 81 ദശലക്ഷം ഡോളർ ചെലവ് വരുന്ന ഈ ബൃഹദ് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് യൂക്കാലിപ്റ്റസ് മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. ദ്വീപിലെ എട്ട് ഗോത്രവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ടിവി പ്ലാന്റേഷൻസ് കോർപ്പറേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ 30,000 ഹെക്ടർ സ്ഥലത്ത് ‘യൂക്കാലിപ്റ്റസ് പെല്ലിറ്റ’ മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ടിവി ലാൻഡ് കൗൺസിലുമായുള്ള 40 വർഷത്തെ പാട്ടക്കരാറിന്റെ അടിസ്ഥാനത്തിൽ ക്ലീൻ എനർജി ഫിനാൻസ് കോർപ്പറേഷനും റിവർ ക്യാപിറ്റലും സംയുക്തമായാണ് പദ്ധതിക്കായി 81 ദശലക്ഷം ഡോളർ നിക്ഷേപിക്കുന്നത്.
പദ്ധതിയുടെ കാലയളവിൽ ഏകദേശം 50 ലക്ഷം (5 ദശലക്ഷം) കാർബൺ ക്രെഡിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക തൊഴിലവസരങ്ങളും പരിശീലനവും ഉറപ്പാക്കുന്നതിനായി, പാട്ടക്കരാർ പ്രകാരം പദ്ധതിയിൽ കുറഞ്ഞത് 50 ശതമാനം ജീവനക്കാരെങ്കിലും ടിവി സമൂഹത്തിൽ നിന്നുള്ളവരായിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മുൻകാലങ്ങളിലെ തോട്ടം പദ്ധതികൾ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനെ തുടർന്നുണ്ടായ ആശങ്കകൾ പരിഹരിച്ച് സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും, ടിവി ജനതയ്ക്ക് ദീർഘകാല വരുമാനം ഉറപ്പാക്കാനുമാണ് ഈ പുതിയ സംരംഭം ലക്ഷ്യമിടുന്നത്.

