തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചതോടെ പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും. ഇന്ന് രാവിലെ ഡൽഹി രാജ്ഘട്ടിൽനിന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും. ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധിക്കും.
പുതിയ ലേബർ കോഡുകൾ, ഇന്ത്യ – യുഎസ് വ്യാപാര കരാർ, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നിർദേശം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഓട്ടോ, ബസ്, ലോറി, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേയിലെയും വിമാനത്താവളങ്ങളിലെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു. ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.

