മുംബൈ: ഐസിസി പുരുഷ ടി20 ലോകകപ്പിലെ 17-ാം മത്സരത്തിൽ നേപ്പാളിനെ പത്ത് വിക്കറ്റിന് തകർത്ത് ഇറ്റലി ചരിത്രവിജയം സ്വന്തമാക്കി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ നേപ്പാൾ ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 12.4 ഓവറിൽ ഇറ്റലി മറികടന്നു. ലോകകപ്പ് ചരിത്രത്തിൽ ഇറ്റലിയുടെ ആദ്യ വിജയമാണിത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇറ്റാലിയൻ ക്യാപ്റ്റൻ ഹാരി മാനെന്റിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇറ്റലി, നേപ്പാളിനെ 19.3 ഓവറിൽ 123 റൺസിന് പുറത്താക്കി. 27 റൺസെടുത്ത ആരിഫ് ഷെയ്ഖാണ് നേപ്പാളിന്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ രോഹിത് പൗഡൽ (23), ആസിഫ് ഷെയ്ഖ് (20) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മധ്യനിര തകരുകയായിരുന്നു. ഇറ്റലിക്കായി ക്രിഷൻ കലുഗമാഗെ മൂന്ന് വിക്കറ്റും ബെഞ്ചമിൻ മാനെന്റി രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇറ്റലിക്ക് വേണ്ടി ഓപ്പണർമാരായ ആന്തണി മോസ്കയും ജസ്റ്റിൻ മോസ്കയും ചേർന്ന് വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവെച്ചത്. നേപ്പാൾ ബൗളർമാരെ നിഷ്പ്രഭരാക്കിയ ആന്തണി 32 പന്തിൽ നിന്ന് 62 റൺസെടുത്ത് പുറത്താകാതെ നിന്നു. 44 പന്തിൽ 60 റൺസുമായി ജസ്റ്റിൻ മോസ്ക മികച്ച പിന്തുണ നൽകി. 44 പന്തുകൾ ബാക്കി നിൽക്കെയാണ് ഇറ്റലി ലക്ഷ്യം കണ്ടത്.ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ 10 വിക്കറ്റ് വിജയം നേടുന്ന ഏഴാമത്തെ ടീമെന്ന നേട്ടവും ഇറ്റലി സ്വന്തമാക്കി.

