സിഡ്‌നിയിൽ പോലീസ് പിന്തുടരുന്നതിനിടെ വാഹനാപകടം: രണ്ട് മരണം; ഒരാൾ പോലീസ് കാവലിൽ ആശുപത്രിയിൽ

സിഡ്‌നി: സിഡ്‌നിയിലെ കാംഡെൻ സൗത്തിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ഒരാളെ പോലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

സംഭവം ഇങ്ങനെ,സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അമിതവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് പോലീസ് ഈ വാഹനത്തെ പിന്തുടർന്നു. മിനിറ്റുകൾക്കുള്ളിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

വാഹനത്തിലുണ്ടായിരുന്ന മൂന്നാമത്തെ ആളെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്.അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (Critical Incident Investigation Team) നിയോഗിച്ചു. പോലീസ് പിന്തുടരുന്നതിനിടെയുണ്ടായ അപകടമായതിനാൽ നടപടിക്രമങ്ങളിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും.

അപകടത്തെത്തുടർന്ന് കാംഡെൻ സൗത്തിലെ പ്രധാന റോഡുകളിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *