മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ ഒരിടമാണ് തൊടുപുഴയ്ക്ക് സമീപമുള്ള ഈ പാറമട. തന്റെ കുടുംബത്തെ രക്ഷിക്കാനായി ജോർജുകുട്ടി നടത്തിയ ബുദ്ധിപരമായ നീക്കങ്ങളിൽ ഏറ്റവും നിർണ്ണായകമായ ഒന്ന് വരുണിന്റെ കാർ ആരും കാണാതെ ഒളിപ്പിക്കുക എന്നതായിരുന്നു. ആ ഉദ്വേഗജനകമായ രംഗം ചിത്രീകരിച്ചത് ഇടുക്കി റോഡിലെ ഒളമറ്റത്തിന് സമീപമുള്ള ഈ സ്വകാര്യ ക്വാറിയിലാണ്.
സിനിമയിലെ ആ സസ്പെൻസ് രംഗം
ഐ.ജി. ഗീത പ്രഭാകറിന്റെ മകൻ വരുൺ ഉപയോഗിച്ചിരുന്ന കാർ ആഴമേറിയ ഈ പാറമടയിലെ വെള്ളത്തിലേക്ക് ജോർജുകുട്ടി ഓടിച്ചു ഇറക്കുന്ന ദൃശ്യം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. സിനിമയുടെ വഴിത്തിരിവായ ഈ രംഗത്തിന് പശ്ചാത്തലമായതോടെയാണ് ഇവിടം ‘ജോർജുകുട്ടിയുടെ പാറമട’ എന്ന പേരിൽ പ്രശസ്തമായത്. ഇന്നും നിരവധി സിനിമ പ്രേമികൾ ഈ സ്ഥലം തേടിയെത്താറുണ്ട്.
ക്വാറിയിൽ നിന്ന് മത്സ്യകൃഷിയിലേക്ക്
കാഴ്ചയിൽ ഒരു വലിയ കുളം പോലെ തോന്നിക്കുമെങ്കിലും ഇതൊരു സ്വാഭാവിക ജലശയമല്ല. ദശാബ്ദങ്ങൾക്ക് മുൻപ് നിർമ്മാണ ആവശ്യങ്ങൾക്കായി കരിങ്കല്ല് ഖനനം ചെയ്തെടുത്തതിലൂടെ രൂപപ്പെട്ട ഒരു ക്വാറിയാണിത്. ഖനനം നിർത്തിയതോടെ മഴവെള്ളം കെട്ടിക്കിടന്നാണ് ഇത്രയും ആഴമുള്ള ജലസ്രോതസ്സായി ഇത് മാറിയത്.ഉറവപ്പാറ മലയുടെ ഭാഗം തന്നെയായ ഈ പറമട ഉറവപ്പാറയുടെ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്
ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. സിനിമയിൽ കണ്ടതിൽ നിന്നും വലിയ മാറ്റങ്ങൾ ഇന്ന് ഈ പാറമടയിൽ സംഭവിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ ശാസ്ത്രീയമായ രീതിയിൽ മത്സ്യകൃഷി നടന്നുവരുന്നു. ഖനനം മൂലം രൂപപ്പെട്ട ഈ ഗർത്തം ഇന്ന് പ്രയോജനപ്രദമായ ഒരു കൃഷിയിടമായി ഉടമസ്ഥൻ മാറ്റിയിരിക്കുകയാണ്.




സിനിമയിലൂടെ ലഭിച്ച പ്രശസ്തി ഈ പ്രദേശത്തിന് ഗുണത്തോടൊപ്പം ചില ദോഷങ്ങളും വരുത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള ഉറവപ്പാറ മലയെപ്പോലെ തന്നെ ഈ പാറമടയുടെ പരിസരവും ഇന്ന് മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും വിഹാരകേന്ദ്രമായി മാറുന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. പവിത്രമായ സ്ഥലങ്ങളുടെയും പ്രകൃതിയുടെയും നന്മ കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്.
ഒരു വലിയ സിനിമാ രഹസ്യം ഉള്ളിലൊളിപ്പിച്ച ഈ പാറമട, ഇന്ന് തൊടുപുഴയുടെ ടൂറിസം ഭൂപടത്തിലെ കൗതുകകരമായ ഒരടയാളമായി നിലകൊള്ളുന്നു.
തയ്യാറാക്കിയത് : ഗീതാദാസ്

