മെറിലാൻഡ്‌സ് (സിഡ്നി): സിഡ്‌നിയുടെ പടിഞ്ഞാറൻ നഗരമായ മെറിലാൻഡ്‌സിൽ പൊതുജനങ്ങളെ നടുക്കിയ ആക്രമണം നടത്തിയ 25-കാരൻ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ മെറിലാൻഡ്‌സ് റോഡിലെ തിരക്കേറിയ വ്യാപാര മേഖലയിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സെറ്റെഫാനോ മൂനിയായി ലെറ്റോവ എന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒരു നേപ്പാളി പലചരക്ക് കടയിലേക്ക് തൊപ്പി ധരിച്ചെത്തിയ യുവാവ് 47 വയസ്സുള്ള ഒരു സ്ത്രീയെ കഴുത്തിന് പിന്നിൽ കുത്തുന്നതും കടയിലുണ്ടായിരുന്ന മറ്റൊരാളെ ആക്രമിക്കുന്നതും വ്യക്തമാണ്.ഇതിനുശേഷം കടയിൽ നിന്ന് പുറത്തേക്ക് ഓടിയ ഇയാൾ കാൽനടയാത്രക്കാരനായ മൂന്നാമത്തെ വ്യക്തിയെയും കുത്തി വീഴ്ത്തുക യായിരുന്നു.ഏകദേശം 25 സെന്റിമീറ്റർ നീളമുള്ള അടുക്കളക്കത്തിയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് സൂപ്രണ്ട് സൈമൺ ഗ്ലാസ്സർ അറിയിച്ചു.ആക്രമണത്തിന് ഇരയായവരും പ്രതിയും തമ്മിൽ മുൻപരിചയമൊന്നുമില്ലെന്നും ഇത് തികച്ചും ആകസ്മികമായ ഒരു ആക്രമണമായിരുന്നുവെന്നും പോലീസ് കരുതുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ലെറ്റോവ, കംബർലാൻഡ് ഹോസ്പിറ്റലിൽ നിന്ന് വെസ്റ്റ്‌മീഡ് ഹോസ്പിറ്റലി ലേക്ക് മാറ്റുന്നതിനിടെ ഫെബ്രുവരി ഏഴിനാണ് രക്ഷപ്പെട്ടത്.പത്ത് ദിവസത്തോളം ഇയാൾ എവിടെയാ യിരുന്നുവെന്ന് പോലീസിനും വീട്ടുകാർക്കും കണ്ടെത്താനായിരുന്നില്ല.സംഭവസ്ഥലത്ത് വെച്ച് തന്നെ 38 വയസ്സുള്ള ഒരു പുരുഷൻ മരിച്ചിരുന്നു.പരിക്കേറ്റ സ്ത്രീയും മറ്റൊരു 21-കാരനും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.ലെറ്റോവയെ കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി.സുരക്ഷാ വീഴ്ചകളെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

