സിഡ്നി: ഓസ്‌ട്രേലിയയിൽ പോളിൻ ഹാൻസന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടിയായ ‘വൺ നേഷൻ’ രാജ്യത്തെ ക്രിസ്ത്യൻ വോട്ടർമാരെ ലക്ഷ്യമിട്ട് നീക്കങ്ങൾ ശക്തമാക്കുന്നു. ജൂൺ ആദ്യവാരം സിഡ്നിയിൽ നടന്ന ഗർഭച്ഛിദ്ര വിരുദ്ധ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, വൺ നേഷൻ പാർട്ടിയിൽ പുതുതായി ചേർന്ന മുൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്‌സ് നടത്തിയ പ്രസ്താവന ഇതിന്റെ വ്യക്തമായ സൂചനയാണ്. വോട്ട് കാർഡുകൾ വിതരണം ചെയ്യാൻ ശേഷിയുള്ള 1,500 ഓളം പേരെ തനിക്ക് മുന്നിൽ കാണാൻ കഴിയുന്നുണ്ടെന്നാണ് ജോയ്‌സ് റാലിയിൽ പങ്കെടുത്ത ക്രിസ്ത്യൻ വിശ്വാസികളോട് പറഞ്ഞത്. ആഗോളതലത്തിലും ഓസ്‌ട്രേലിയയിലും രാഷ്ട്രീയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള ക്രിസ്ത്യൻ വോട്ടർമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനാണ് വൺ നേഷൻ ഇപ്പോൾ ശ്രമിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മതവിഭാഗമാണ് ക്രിസ്ത്യാനികൾ; ജനസംഖ്യയുടെ 44 ശതമാനത്തോളം ആളുകൾ ക്രിസ്തുമത വിശ്വാസികളാണ്. ഇതിൽ ആംഗ്ലിക്കൻ, കത്തോലിക്കാ വിഭാഗങ്ങളാണ് ഏറ്റവും മുന്നിൽ. നാഷണൽ ചർച്ച് ലൈഫ് സർവേ പ്രകാരം അഞ്ചിലൊരാൾ വീതം കൃത്യമായി പള്ളിയിൽ പോകുന്നവരുമാണ്. ചരിത്രപരമായി ഇവരുടെ വോട്ടുകൾ കൺസർവേറ്റീവ് കൂട്ടായ്മയായ ‘കോയലിഷൻ’ മുന്നണിക്കൊപ്പമാണ് നിൽക്കാറുള്ളതെങ്കിലും ഗർഭച്ഛിദ്രം, വിവാഹം, മതപാഠശാലകൾ, സാമൂഹിക സേവനങ്ങൾ, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, അഭയാർത്ഥി പ്രശ്നങ്ങൾ എന്നിവ മുൻനിർത്തി ഇവർ പെട്ടെന്ന് വോട്ട് മാറ്റിമറിക്കാറുണ്ട്. 2007-ൽ കെവിൻ റൂഡ് ലേബർ പാർട്ടിയിലേക്കും, 2019-ൽ മതസ്വാതന്ത്ര്യ ചർച്ചകൾ സജീവമായപ്പോൾ സ്കോട്ട് മോറിസൺ കൺസർവേറ്റീവ് പക്ഷത്തേക്കും ക്രിസ്ത്യൻ വോട്ടുകൾ വൻതോതിൽ ആകർഷിച്ചിരുന്നു.
ഗർഭച്ഛിദ്രത്തിനെതിരെയുള്ള വൺ നേഷൻ പാർട്ടിയുടെ ശക്തമായ നിലപാട് ചില ക്രിസ്ത്യാനികളെ ആകർഷിക്കാമെങ്കിലും, പോളിൻ ഹാൻസന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകൾ വിശ്വാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ സാധ്യതയുണ്ട്. അന്യരെ സ്വാഗതം ചെയ്യാനും എല്ലാ മനുഷ്യരെയും ദൈവത്തിന്റെ പ്രതിരൂപമായി കാണാനും ആഹ്വാനം ചെയ്യുന്ന ക്രിസ്തീയ വിശ്വാസത്തിന് ഹാൻസന്റെ കുടിയേറ്റ വിരുദ്ധ, അഭയാർത്ഥി വിരുദ്ധ നിലപാടുകൾ തടസ്സമായി മാറിയേക്കാമെന്ന് സെന്റർ ഫോർ പബ്ലിക് ക്രിസ്ത്യാനിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ സൈമൺ സ്മാർട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാ ഗോത്രങ്ങളിലും ജനതകളിലും ഭാഷകളിലുമുള്ള ആളുകൾ തമ്മിലുള്ള കൂട്ടായ്മയാണ് ക്രിസ്തീയ ദർശനമെന്നും, ഇത് ഹാൻസന്റെ ‘ഏകസംസ്കാര’ വാദവുമായി പൊരുത്തപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയിലെ പള്ളികളിൽ എത്തുന്നവരിൽ മൂന്നിലൊന്നിലധികം പേർ വിദേശത്ത് ജനിച്ചവരും കാൽഭാഗത്തോളം പേർ വീടുകളിൽ ഇംഗ്ലീഷ് ഇതര ഭാഷകൾ സംസാരിക്കുന്നവരുമാണ്.
നിലവിൽ പ്രധാനമന്ത്രി ആന്റണി അൽബാനീസിനേക്കാളും പ്രതിപക്ഷ നേതാവ് അംഗസ് ടെയ്‌ലറേക്കാളും ഉയർന്ന ജനപ്രീതിയാണ് പോളിൻ ഹാൻസൻ രേഖപ്പെടുത്തുന്നത്. ഇത് കോയലിഷൻ മുന്നണിയിലെ ഇവാഞ്ചലിക്കൽ വിഭാഗങ്ങളെയും ലേബർ പാർട്ടിയുടെ പരമ്പരാഗത കത്തോലിക്കാ തൊഴിലാളിവർഗ്ഗ വോട്ടർമാരെയും വൺ നേഷനിലേക്ക് ആകർഷിക്കാൻ കാരണമായേക്കാം. ഓസ്‌ട്രേലിയയിലെ വലിയ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലാണ് ഇത്തരം മതവിശ്വാസികൾ കൂടുതലായി താമസിക്കുന്നത്. ഈ മണ്ഡലങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് വോട്ടിംഗിന്റെ അടിസ്ഥാനമെങ്കിലും, കടുത്ത മത്സരമുള്ള സീറ്റുകളിൽ ക്രിസ്ത്യൻ വോട്ടർമാർ ഒരു ബ്ലോക്കായി വോട്ട് ചെയ്താൽ അത് തെരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

