കണ്ണൂർ: ഓണക്കാലത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കണ്ണൂർ നഗരത്തിൽ സമഗ്രമായ ഗതാഗത നിയന്ത്രണ-പാർക്കിംഗ് പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. മേയർ അഡ്വ. പി. ഇന്ദിരയുടെ അധ്യക്ഷതയിൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഓണക്കാലം കഴിയുന്നതുവരെ നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്കായി ദയാ മെഡിക്കൽസ് ഗ്രൗണ്ട്, മുൻസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കളക്ടറേറ്റ് മൈതാനം, നിക്ഷാൻ ഇലക്ട്രോണിക്സ് ഗ്രൗണ്ട് എന്നിവ പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങളായി ഉപയോഗിക്കും. ഇതിനുപുറമെ, കണ്ണൂർ കോർപ്പറേഷന്റെ മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ ഓഗസ്റ്റ് 31 വരെ സൗജന്യ പാർക്കിംഗ് അനുവദിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
റോഡരികിലെ തടസ്സങ്ങൾ നീക്കുന്നതിന്റെ ഭാഗമായി സ്ക്രാപ്പ് കടകൾക്ക് പുറത്ത് സൂക്ഷിച്ചിട്ടുള്ള സാധനങ്ങളും, വർക്ക്ഷോപ്പുകൾക്ക് മുന്നിൽ തടസ്സമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ പൊലീസിനെ ചുമതലപ്പെടുത്തി. പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതൽ മുന്നോട്ടുള്ള ഭാഗത്തെ ബസ്, ലോറി പാർക്കിംഗുകൾ പൂർണ്ണമായും ഒഴിവാക്കി സ്വകാര്യ ചെറുവാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കും. ജൂബിലി ഹാൾ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സിൽക്സ്, രാമാനന്ദ ഓയിൽ മിൽ റോഡ് എന്നിവിടങ്ങളിലെ ബസ് പാർക്കിംഗും ഒഴിവാക്കും. എ.കെ.ജി ഹോസ്പിറ്റലിന് മുന്നിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന ആംബുലൻസ് പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ ആർ.ടി.ഒയ്ക്കും ട്രാഫിക് പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
എസ്.ബി.ഐ ജങ്ഷനിൽ നിന്ന് നിക്ഷാൻ ഭാഗത്തേക്ക് പോകുന്ന കട്ട് റോഡ് വൺവേയാക്കാനും, എസ്.ബി.ഐയിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും പ്ലാസ ബസ് സ്റ്റാൻഡ് കഴിഞ്ഞ് എസ്.ബി.ഐക്ക് സമീപമുള്ള പള്ളി വരെയും വൺസൈഡ് പാർക്കിംഗ് ഏർപ്പെടുത്താനും തീരുമാനമായി. എസ്.ബി.ഐ ജങ്ഷൻ മുതൽ പ്ലാസ ജങ്ഷൻ, ആർ.എസ് റോഡ് തുടങ്ങി മുനീശ്വരൻ കോവിൽ വരെ കർശനമായി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കും.
പഴയ ബസ് സ്റ്റാൻഡിനോട് ചേർന്ന് അണ്ടർ ബ്രിഡ്ജ് വഴി മുനീശ്വരൻ കോവിൽ വരെയുള്ള ഭാഗത്ത് കാൽനടയാത്രക്കാർക്കായി കൈവരികളും നഗരത്തിലെ ഡിവൈഡറുകളിൽ റിഫ്ലക്ടറുകളും സ്ഥാപിക്കും. റെയിൽവേ സ്റ്റേഷൻ റോഡിലെ പുതിയ ബസ് സ്റ്റോപ്പിന് സമീപവും എ.കെ.ജി ഹോസ്പിറ്റലിന് അടുത്തും പുതിയ വെയ്റ്റിംഗ് ഷെൽട്ടറുകൾ സ്ഥാപിക്കുമ്പോൾ, തെക്കി ബസാർ കെ.എസ്.ഇ.ബിക്ക് മുന്നിലെയും കൊയിലി ഹോസ്പിറ്റൽ ഭാഗത്തെയും പഴയ ബസ് ഷെൽട്ടറുകൾ പൊളിച്ചുമാറ്റും.
പയ്യാമ്പലം ശ്മശാനത്തിന് സമീപത്തെ അനധികൃത ഓട്ടോ പാർക്കിംഗ് നീക്കം ചെയ്യാനും, ബീച്ച് റോഡിലെ സൈഡ് പാർക്കിംഗ് ഒഴിവാക്കി പേ-പാർക്കിംഗ് സംവിധാനത്തിലേക്ക് മാറ്റാനും റോഡ് വൺവേയാക്കാനും തീരുമാനിച്ചു. കൂടാതെ, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ-ടാക്സി സംവിധാനം പുനഃസ്ഥാപിക്കാൻ ഡി.ആർ.എമ്മിന് (DRM) കത്ത് നൽകാൻ എ.സി.പിക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി, എ.സി.പി വി.വി. മനോജ്, തഹസിൽദാർ എം.കെ. മനോജ് കുമാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

