ഐസിസ് ബന്ധമുള്ളവർക്ക് പാസ്‌പോർട്ട് നൽകാൻ ഓസ്‌ട്രേലിയ ബാധ്യസ്ഥരെന്ന് ആഭ്യന്തര മന്ത്രി; സിറിയൻ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത് മുപ്പതിലധികം പേർ

സിഡ്നി: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ക്യാമ്പുകളിൽ കഴിയുന്ന ഓസ്‌ട്രേലിയൻ വംശജരായ മുസ്‌ളീം സ്ത്രീകൾക്കും കുട്ടികൾക്കും പാസ്‌പോർട്ട് നൽകാൻ അന്താരാഷ്ട്ര നിയമപ്രകാരം രാജ്യം ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വെളിപ്പെടുത്തി. സിറിയൻ മിലിട്ടറി തിരിച്ചയ ച്ചതിനെത്തുടർന്ന് മുപ്പത്തിനാലോളം ഓസ്‌ട്രേലിയൻ പൗരന്മാർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ നിർണ്ണായക വിശദീകരണം. ഇവർക്ക് ഓസ്‌ട്രേലിയൻ സർക്കാർ പുതിയ പാസ്‌പോർട്ടുകൾ അനുവദിച്ചിരുന്നെങ്കിലും മടക്കയാത്ര സാധ്യമായിരുന്നില്ല.

ബാങ്ക്സ്റ്റൗണിൽ നടന്ന പൗരത്വ സ്വീകരണ ചടങ്ങിൽ സംസാരിക്കവെയാണ് ടോണി ബർക്ക് ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ഐസിസിൽ ചേരാനുള്ള ഇവരുടെ തീരുമാനം ഭയാനകമായ പ്രത്യാഘാതങ്ങളാണ് കുട്ടികൾക്ക് ഉണ്ടാക്കിയതെന്ന് അദ്ദേഹം വിമർശിച്ചു. എന്നിരുന്നാലും, ഒരു വ്യക്തി ഓസ്‌ട്രേലിയൻ പൗരനാണെങ്കിൽ അവർക്ക് പാസ്‌പോർട്ട് നൽകുക എന്നത് നിയമപരമായ ബാധ്യതയാണെന്നും ഇത് പ്രത്യേകമായ സഹായമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഒരാൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർക്ക് സ്വന്തം നിലയിൽ മടങ്ങിവരാമെങ്കിലും ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, ഈ വിഷയത്തിൽ രാഷ്ട്രീയ വിവാദങ്ങളും പുകയുകയാണ്. മന്ത്രിയുടെ അടുത്ത അനുയായിയും അഭയാർത്ഥി പ്രവർത്തകനുമായ ഡോ. ജമാൽ റിഫി ഈ സ്ത്രീകളെ തിരികെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണം ടോണി ബർക്ക് തള്ളി. എന്നാൽ ഇതിനിടെ, സിറിയൻ ജയിലുകളിൽ കഴിഞ്ഞിരുന്ന പതിമൂന്ന് ഓസ്‌ട്രേലിയൻ ഐസിസ് പോരാളികളെ ഇറാഖിലെ അതിസുരക്ഷാ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. യുഎസ് നേതൃത്വത്തിലുള്ള സൈന്യം നടത്തുന്ന നീക്കമാണിതെന്നും ഇവർ ദീർഘകാലം തടവിൽ തന്നെ കഴിയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. 2013 മുതൽ ഇതുവരെ നിരവധി പേർ സിറിയയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *