കാൻബറ: സിറിയയിലെ ഐസിസ് ക്യാമ്പുകളിൽ കഴിയുന്ന ഓസ്‌ട്രേലിയൻ പൗരത്വമുള്ള സ്ത്രീകളെയും കുട്ടികളെയും തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി ടോണി ബർക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രമുഖ മുസ്ലീം കമ്മ്യൂണിറ്റി നേതാവും മന്ത്രിയുടെ അടുത്ത സുഹൃത്തുമായ ഡോ. ജമാൽ റിഫി ഈ സ്ത്രീകളെ തിരികെ കൊണ്ടുവരാൻ സിറിയയിൽ നേരിട്ടെത്തി നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മന്ത്രിയുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്കും ഫണ്ട് സമാഹരണത്തിനും മുൻപന്തിയിലുള്ള ഡോ. റിഫി, ഭീകരവാദ ബന്ധമുള്ളവരെ സഹായിക്കാൻ മുൻകൈ എടുക്കുന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പ്രതിപക്ഷ സെനറ്റർ ബ്രിഡ്ജറ്റ് മക്കെൻസി കുറ്റപ്പെടുത്തി. ഈ നീക്കങ്ങളിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ടെന്നും അവർ ആരോപിച്ചു.
എന്നാൽ, ഈ ആരോപണങ്ങളെ മന്ത്രി ടോണി ബർക്ക് പൂർണ്ണമായും തള്ളിക്കളഞ്ഞു. സെനറ്റർ ബ്രിഡ്ജറ്റ് മക്കെൻസി വസ്തുതകൾ കെട്ടിച്ചമയ്ക്കുകയാണെന്നും ഡോ.റിഫിയുമായി താൻ ഈ വിഷയത്തിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ.റിഫി ഇപ്പോൾ എവിടെയാണെന്നു പോലും തനിക്ക് അറിയില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ഐസിസ് ബന്ധമുള്ളവർക്ക് പാസ്‌പോർട്ട് നൽകുന്നത് അവരെ സഹായിക്കാനല്ലെന്നും, ഓസ്‌ട്രേലിയൻ പൗരത്വമുള്ളവർക്ക് യാത്രാരേഖകൾ നൽകാൻ അന്താരാഷ്ട്ര നിയമ പ്രകാരം സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം ആവർത്തിച്ചു.സുരക്ഷാ ഭീഷണിയുള്ളവർക്കെതിരെ കർശനമായ ‘താൽക്കാലിക യാത്രാ വിലക്ക്’ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മടങ്ങിയെത്തുന്നവർ നിയമ നടപടി കൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഈ വിഷയത്തിൽ സർക്കാർ സുതാര്യത പുലർത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഐസിസ് ഭാര്യമാരുടെ മടങ്ങിവരവ് രാജ്യത്തെ സാധാരണക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും ഇവർക്ക് പാസ്‌പോർട്ട് അനുവദിച്ച നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ലിബറൽ-നാഷണൽ സഖ്യം സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള ഈ വാഗ്വാദം വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ കൂടുതൽ പുകിലുണ്ടാക്കുമെന്നാണ് കരുതുന്നത്

