ബ്രിസ്ബെയ്ൻ: ക്വീൻസ്ലാൻഡിലെ ബ്രൂസ് ഹൈവേയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. കാബൂൾച്ചർ സ്വദേശിയായ 26-കാരനായ ആൻഡ്രെ റോബർട്ട്സ് ആണ് അപകടത്തിൽ മരിച്ചത്. മോഷ്ടിച്ച ട്രക്ക് ഹൈവേയിൽ തെറ്റായ ദിശയിൽ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാത്രി 10:30-ഓടെ ബ്രിസ്ബെയ്നിന് വടക്കുള്ള ബർപെംഗാരിക്ക് (Burpengary) സമീപമുള്ള ഹൈവേയിലാണ് അപകടം നടന്നത്. നോർത്ത് ബൗണ്ട് ലെയ്നിലൂടെ സൗത്ത് ബൗണ്ട് ദിശയിൽ (തെറ്റായ ദിശയിൽ) എത്തിയ വെള്ള ഐസുസു (Isuzu) ട്രക്ക്, റോബർട്ട്സ് ഓടിച്ചിരുന്ന ഹോണ്ട അക്കോർഡ് കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു
ശക്തമായ ഇടിക്കു പിന്നാലെ കാറിന് തീപിടിച്ചു. റോബർട്ട്സ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടമുണ്ടാക്കിയ ട്രക്ക് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഹൈവേയിൽ ഒരു കിലോമീറ്ററോളം ദൂരം ട്രക്ക് തെറ്റായ ദിശയിൽ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ഈ ട്രക്കിനെ പിന്തുടർന്നിരുന്ന ഫോർഡ് റേഞ്ചർ എന്ന വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവർ തലയ്ക്കും കഴുത്തിനും ഇടുപ്പിനും പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്.

