പി.എം. ശ്രീ കരാറിൽ നിന്ന് കേരളത്തിന് പിന്മാറാനാകില്ല; പിന്മാറിയാൽ ₹2,000 കോടി നഷ്ടമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. കരാറിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ് ഉള്ളതെന്നും അദ്ദേഹം ചോദ്യോത്തരവേളയിൽ അറിയിച്ചു.

പദ്ധതിയിൽ നിന്ന് കേരളം പിന്മാറുകയാണെങ്കിൽ വിവിധ ഇനങ്ങളിലായി ഏകദേശം 2,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലെ 304 സ്കൂളുകൾക്ക് മൂന്ന് വർഷത്തേക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന പദ്ധതിയിലൂടെ 900 കോടിയിലധികം രൂപയുടെ വികസനസഹായമാണ് ലഭിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയിൽ നിന്ന് പിന്മാറിയാൽ ഈ തുക നഷ്ടമാകുന്നതിന് പുറമേ, കേന്ദ്ര സർക്കാർ മറ്റ് വിദ്യാഭ്യാസ ഫണ്ടുകളും തടഞ്ഞുവയ്ക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമഗ്ര ശിക്ഷാ കേരളത്തിന് ലഭിക്കേണ്ട ഏകദേശം 1,150 കോടി രൂപയും ലഭിക്കാതെ പോകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

മുൻ സർക്കാർ മറ്റ് കേന്ദ്രസഹായങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പി.എം. ശ്രീ കരാറിൽ ഒപ്പുവെച്ചതെന്നും, കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ മുൻ സർക്കാരിന്റെ കാലത്ത് എങ്ങനെയാണ് നടന്നതെന്ന കാര്യം തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *