മോസ്കോ: യുക്രെയ്നിൽ നിന്നുള്ള ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ നാല് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് റഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റിയായ ‘റോസാവിയത്സിയ’ (Rosaviatsia) അറിയിച്ചു.
മോസ്കോയിലെ പ്രമുഖ വിമാനത്താവളങ്ങളായ ഷെറെമെത്യേവോ (Sheremetyevo), ഡൊമൊദെദോവോ (Domodedovo), നുക്കോവോ (Vnukovo), ഷുകോവ്സ്കി (Zhukovsky) എന്നിവയുടെ പ്രവർത്തനമാണ് നിർത്തിവെച്ചത്. ഇതേത്തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും പത്തോളം വിമാനങ്ങൾ വൈകുകയും ചെയ്തു.
മോസ്കോ ലക്ഷ്യമിട്ടെത്തിയ 11 യുക്രെയ്നിയൻ ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടു. ഒരു മണിക്കൂറിനുള്ളിലായിരുന്നു ഈ ഡ്രോണുകളെല്ലാം തകർത്തതെന്ന് മോസ്കോ മേയർ സെർജി സോബ്യാനിൻ അറിയിച്ചു.
ആക്രമണത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങൾ നഗരത്തിന് പുറത്തുള്ള വിജനമായ സ്ഥലങ്ങളിലാണ് വീണതെന്ന് അധികൃതർ വ്യക്തമാക്കി.
റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കാനിരിക്കെ, റഷ്യൻ അതിർത്തി പ്രദേശങ്ങളിലും തലസ്ഥാനമായ മോസ്കോയിലും യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇതിനുമുൻപും മോസ്കോയിലെ വ്യോമപാത അടച്ചിടേണ്ടി വന്നിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

