രണ്ട് തവണ തെറ്റിച്ചാൽ ലൈസൻസ് തെറിക്കും; കള്ളക്കളി നടത്തുന്ന ടാക്സി, റൈഡ്ഷെയർ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടി

മെൽബൺ: യാത്രക്കാരെ വട്ടംചുറ്റിക്കുന്ന ടാക്സി, റൈഡ്ഷെയർ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിലെ സർക്കാർ. ഇനിമുതൽ ഹ്രസ്വദൂര യാത്രയാണെന്ന് പറഞ്ഞ് സർവീസ് നിരസിക്കാനോ, സഹായികളായ വളർത്തുമൃഗങ്ങളുമായി എത്തുന്ന യാത്രക്കാരെ ഒഴിവാക്കാനോ ഡ്രൈവർമാർക്ക് സാധിക്കില്ല. നിയമലംഘനം നടത്തുന്നവർക്കായി സർക്കാർ ഏർപ്പെടുത്തിയ ‘ടു സ്ട്രൈക്ക്’ നിയമം കൂടുതൽ കർശനമാക്കാനാണ് തീരുമാനം.

വരുന്ന ജൂലൈ 1 മുതൽ പുതിയ പരിഷ്കാരം നിലവിൽ വരും. മീറ്ററിൽ കൃത്രിമം കാണിക്കുക, രസീത് നൽകാതിരിക്കുക, വഴികാട്ടികളായ നായക്കളുമായി എത്തുന്ന അന്ധരായ യാത്രക്കാരെ കയറ്റാതിരിക്കുക എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. 10 വർഷത്തിനിടെ രണ്ട് തവണ ഇത്തരത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഡ്രൈവർമാരുടെ ലൈസൻസും അംഗീകാരവും റദ്ദാക്കും. ഓഗസ്റ്റ് മുതൽ ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രകൾ നിരസിക്കുന്നതും ഇതേ നിയമപ്രകാരം വലിയ കുറ്റകൃത്യമായി മാറും. കൂടാതെ, ടാക്സികളിൽ നിലവിലുള്ള വീഡിയോ റെക്കോർഡിംഗിന് പുറമെ ഓഡിയോ റെക്കോർഡിംഗും ഇനിമുതൽ നിർബന്ധമാക്കും.

യാത്രക്കാരിൽ നിന്നും അമിതകൂലി ഈടാക്കുകയോ, സർവീസ് നിരസിക്കുകയോ, യാത്രക്കാരെ ആക്രമിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായാൽ ഉബർ ഉൾപ്പെടെയുള്ള ബുക്കിംഗ് കമ്പനികൾ അത് റെഗുലേറ്ററെ കൃത്യമായി അറിയിക്കണമെന്നും ഓഗസ്റ്റ് മുതൽ നിയമമുണ്ട്. നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെയും കമ്പനികളുടെയും വിവരങ്ങൾ അടങ്ങിയ ‘നെയിം ആൻഡ് ഷെയിം’രജിസ്റ്റർ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും വിക്ടോറിയൻ പൊതുഗതാഗത മന്ത്രി ഗബ്രിയേൽ വില്യംസ് വ്യക്തമാക്കി. ഭൂരിഭാഗം ഡ്രൈവർമാരും കൃത്യമായി ജോലി ചെയ്യുന്നവരാണെന്നും എന്നാൽ ചുരുക്കം ചിലർ നടത്തുന്ന കള്ളക്കളികൾ അവസാനിപ്പിക്കാനാണ് ഈ കടുത്ത നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *