മസ്‌കത്ത്: ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ ഈ വ്യാഴാഴ്ച ജനീവയിൽ നടക്കും. പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സൈനിക നീക്കങ്ങളും ശക്തമാകുന്നതിനിടെയാണ് നയതന്ത്ര തലത്തിലുള്ള ഈ സുപ്രധാന നീക്കം. ചർച്ചകൾ നടക്കുമെന്ന വിവരം യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് സ്ഥിരീകരിച്ചത്.
ആണവ കരാർ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുക എന്നതാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം. കരാർ അന്തിമമാക്കുന്നതിനായി ഇരു രാജ്യങ്ങളും അനുകൂലമായ നിലപാടോടെയാണ് ചർച്ചയ്ക്ക് എത്തുന്നതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
തങ്ങൾക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കുകയും ചെയ്താൽ പുതിയ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ സൂചിപ്പിച്ചു. ചർച്ചയെക്കുറിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ട്രംപ് ഭരണകൂടം ഗൾഫ് മേഖലയിലേക്ക് വൻതോതിൽ സൈനിക വിന്യാസം നടത്തുന്ന സാഹചര്യത്തിൽ ഈ ചർച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഒരുവശത്ത് ചർച്ചകൾ നടക്കുമ്പോഴും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
സമീപകാലത്ത് നടന്ന ചർച്ചകൾ പ്രോത്സാഹജനകമായ സൂചനകളാണ് നൽകുന്നതെന്നും യുദ്ധസാഹചര്യം ഒഴിവാക്കി ഒരു നയതന്ത്ര പരിഹാരത്തിലെത്താൻ കഴിയുമെന്നുമാണ് മധ്യസ്ഥ രാജ്യമായ ഒമാൻ പ്രതീക്ഷിക്കുന്നത്.ജനീവയിൽ നടക്കാനിരിക്കുന്ന ഈ കൂടിക്കാഴ്ചയുടെ ഫലം പശ്ചിമേഷ്യയിലെ ഭാവി രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമാകും.

