ഗാസയിൽ 20,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി യു.എൻ. അന്വേഷണ റിപ്പോർട്ട്; ആരോപണം തള്ളി ഇസ്രായേൽ

ജനീവ: ഗാസയിലെ യുദ്ധത്തിനിടെ ഇസ്രായേൽ സേന ഫലസ്തീൻ കുട്ടികളെ മനഃപൂർവം ലക്ഷ്യമിട്ടതായും ഇത് വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയ്ക്ക് തുല്യമാണെന്നും ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 മുതൽ 2025 ഒക്ടോബർ 7 വരെയുള്ള കാലയളവിലെ സംഭവങ്ങളാണ് റിപ്പോർട്ടിൽ പരിശോധിച്ചിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം ഈ കാലയളവിൽ ഗാസയിൽ കൊല്ലപ്പെട്ടവരിൽ ഏകദേശം 30 ശതമാനവും കുട്ടികളായിരുന്നു. കുറഞ്ഞത് 20,179 ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതായും അന്വേഷണ കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. വെടിനിർത്തൽ നിലവിൽ വന്ന ശേഷവും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കുട്ടികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഫലസ്തീൻ സമൂഹത്തെ ഭാഗികമായോ പൂർണമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തിന്റെ തെളിവാണെന്ന് കമ്മിഷൻ വിലയിരുത്തി. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വ്യാപക നാശം വിതയ്ക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചതും റിപ്പോർട്ടിൽ വിമർശിക്കപ്പെടുന്നു.

അതേസമയം, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇസ്രായേൽ ശക്തമായി തള്ളി. കമ്മിഷന്റെ റിപ്പോർട്ട് അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് ഇസ്രായേൽ പ്രതിനിധികൾ പ്രതികരിച്ചു. ഹമാസിന്റെ പ്രവർത്തനങ്ങളും സാധാരണ ജനങ്ങളെ മനുഷ്യക്കവചമാക്കുന്ന തന്ത്രങ്ങളും റിപ്പോർട്ട് അവഗണിച്ചുവെന്നുമാണ് ഇസ്രായേലിന്റെ വാദം.

ഗാസയ്‌ക്ക് പുറമെ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, തടങ്കലിലായ കുട്ടികളോടുള്ള മോശം പെരുമാറ്റം, പീഡനം തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *