മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ സെന്റ് ബേസിൽസ് അഗതിമന്ദിരത്തിൽ 2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കോവിഡ് വ്യാപനത്തിലും പരിചരണ വീഴ്ചയിലും 50 വയോധികർ മരിച്ച സംഭവത്തിൽ അന്നത്തെ മുതിർന്ന മാനേജർമാർ ഒടുവിൽ തെളിവെടുപ്പിന് ഹാജരായി. കേസിൽ നിന്ന് ഒഴിവാകാൻ നിയമപരമായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്ന്, മുൻ ചെയർമാൻ കോൺസ്റ്റന്റൈൻ കോണ്ടിസ് , വിക്കി കോസ് എന്നിവരാണ് ദുരന്തത്തിന്റെ ആറാം വാർഷികത്തിൽ പുനരാരംഭിച്ച കൊറോണിയൽ ഇൻക്വസ്റ്റിൽ പ്രസ്താവന നടത്തിയത്. വിചാരണ കേൾക്കാൻ കോടതിമുറിയിലെത്തിയ മരിച്ചവരുടെ ബന്ധുക്കൾ കണ്ണീരണിഞ്ഞാണ് ഇവരുടെ മൊഴികൾ കേട്ടിരുന്നത്.
വെള്ളിയാഴ്ച കോടതിയിൽ നൽകിയ മൊഴിയിൽ, ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച്ഡയോസിസിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സെന്റ് ബേസിൽസിന്റെ ഡയറക്ടർ ബോർഡ് സ്ഥാപനത്തിന്റെ കോവിഡ് മാനേജ്മെന്റ് നയങ്ങൾക്ക് അനുമതി നൽകിയിരുന്നില്ലെന്ന് കോണ്ടിസ് സമ്മതിച്ചു. ചെയർമാൻ എന്ന നിലയിൽ ബോർഡിന്റെ അംഗീകാരമില്ലാതെ തന്നെ ഇതംഗീകരിക്കാൻ തനിക്ക് അധികാരമുണ്ടെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വരുന്നവരെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ നയരേഖയിൽ ഉണ്ടായിരുന്നില്ലെന്നും, സർക്കാർ നിർദ്ദേശങ്ങൾ അടങ്ങിയ വിവരങ്ങൾ ഒരു മഞ്ഞ ഫോൾഡറിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും അസിസ്റ്റിംഗ് കൗൺസെൽ നവോമി ഹോഡ്ജ്സൺ ചൂണ്ടിക്കാട്ടി. ബോർഡിന്റെ അനുമതിയില്ലാതെ ഇത്തരം സുപ്രധാന രേഖകൾ അംഗീകരിക്കാൻ തനിക്ക് അധികാരമില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ കോണ്ടിസ് ഒടുവിൽ സമ്മതിച്ചു.
2020 ജൂലൈ 15-ന് ഫെഡറൽ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ 116 അന്തേവാസികളിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും സ്ഥാപനത്തിൽ രോഗവ്യാപനം രൂക്ഷമാകുകയും ചെയ്തിട്ടും ബോർഡ് യോഗം വിളിക്കാതിരുന്നതിനെക്കുറിച്ചും കോണ്ടിസ് ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ ഈ ഘട്ടത്തിൽ താൻ ആർച്ച് ബിഷപ്പുമായി നേരിട്ടാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ തനിക്ക് പൂർണ്ണ ശേഷിയുണ്ടെന്ന് ആർച്ച് ബിഷപ്പിന് വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതോ അല്ലാത്തതോ ആയ ഏത് സ്ഥാപനമായാലും ഇത്തരം ഘട്ടങ്ങളിൽ ബോർഡിനെ കാര്യങ്ങൾ ധരിപ്പിക്കാൻ ഉത്തരവാദിത്തമുണ്ടെന്നിരിക്കെ തന്റെ ധാരണകൾ തെറ്റായിരുന്നുവെന്ന് കോണ്ടിസ് കോടതിയിൽ സമ്മതിച്ചു.
2020 ഏപ്രിലിൽ കോവിഡ് വ്യാപനത്തിന് മുന്നോടിയായി ജീവനക്കാരുടെ ക്ഷാമം നേരിട്ടാൽ എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്യാൻ ബോർഡ് യോഗം ചേർന്നിരുന്നുവെന്ന് കോണ്ടിസ് അവകാശപ്പെട്ടെങ്കിലും, കോടതിയിൽ സമർപ്പിച്ച 10,000 പേജുകളുള്ള തെളിവുകളിൽ ഇതിന്റെ മിനിറ്റ്സ് കണ്ടെത്താനായില്ല. തുടർന്ന് രേഖകൾ തിരയുന്നതിനായി സാക്ഷി വിസ്താരം താൽക്കാലികമായി നിർത്തിവെച്ചു. നവംബർ 16-ന് കോണ്ടിസിന്റെ സാക്ഷിവിസ്താരം പുനരാരംഭിക്കും

