ലഹരി വിമുക്തി പരിശീലകനായി നടന്ന് ആമസോൺ മാതൃകയിൽ ലഹരിമരുന്ന് വിതരണം; മെൽബൺ താരം കേസിൽ കുടുങ്ങി

മെൽബൺ: ബോഡി ബിൽഡിംഗ് രംഗത്തും മെൽബണിലെ നൈറ്റ് ലൈഫിലും പ്രശസ്തനും സോഷ്യൽ മീഡിയയിൽ ‘അഡിക്ഷൻ റിക്കവറി കോച്ച് ആയി സ്വയം വിശേഷിപ്പിക്കുകയും ചെയ്തിരുന്ന ആദം അവിഗ്നോൺ ഗ്രീൻ (ആദം ആന്റണി) ലഹരിമരുന്ന് കടത്ത് കേസിൽ കോടതിയിൽ ഹാജരായി. ആമസോൺ മാതൃകയിൽ വെബ്‌സൈറ്റ് വഴിയും വിതരണ കേന്ദ്രങ്ങൾ വഴിയും ലഹരിമരുന്ന് കച്ചവടം നടത്തിയ സംഘത്തിന്റെ പ്രധാനിയായ ഇയാൾ മെൽബൺ കൗണ്ടി കോടതിയിലാണ് വിചാരണ നേരിടുന്നത്.

2023 മാർച്ചിൽ സെന്റ് കിൽഡ കേന്ദ്രീകരിച്ച് നടന്ന ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് കേസ്. വെബ്‌സൈറ്റിലൂടെ ആവശ്യക്കാരെ കണ്ടെത്തുകയും സെന്റ് കിൽഡയിലെ ഗോഡൗൺ വഴി ലഹരിമരുന്ന് വിതരണം ചെയ്യുകയുമായിരുന്നു ഇവരുടെ രീതി. ഇയാൾ ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കുന്നതിലും ലഹരിമരുന്ന് ശേഖരിക്കുന്നതിലും നേരിട്ട് പങ്കാളിയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ പീറ്റർ പിക്കറിംഗ് വ്യക്തമാക്കി.

ശരീരസൗന്ദര്യ സംരക്ഷണത്തിലും ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആദം, ജനപ്രിയമായ ’75 ഹാർഡ് ചലഞ്ച്’ വിജയകരമായി പൂർത്തിയാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് പ്രശസ്തനായിരുന്നു. സപ്ലിമെന്റുകളുടെ പ്രൊമോട്ടറായും ഒപ്പം ലഹരി അടിമത്തത്തിൽ നിന്ന് ആളുകളെ മോചിപ്പിക്കുന്ന കൗൺസിലറായും സ്വയം പരിചയപ്പെടുത്തിയിരുന്ന ഇയാളാണ് വൻ ലഹരിമരുന്ന് ശൃംഖലയുടെ തലവനായി പ്രവർത്തിച്ചിരുന്നത്.

കേസിൽ ഡ്രഗ് കോർട്ടിന്റെ (ലഹരിമരുന്ന് വിമുക്തിക്ക് മുൻഗണന നൽകുന്ന പ്രത്യേക കോടതി) പരിഗണന തേടാൻ പ്രതിഭാഗം അഭിഭാഷകൻ ജെയിംസ് ആൻഡേഴ്സൺ അപേക്ഷ സമർപ്പിച്ചു. മുൻപ് സ്വയം നവീകരണത്തിന് ശ്രമിച്ചിട്ടുള്ള വ്യക്തിയായതിനാൽ പുനരധിവാസത്തിനുള്ള അവസരം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നവംബർ നാലിലേക്ക് കേസ് മാറ്റിവെച്ച ജഡ്ജി ആന്റണി ലൂയിസ്, ഡ്രഗ് കോർട്ടിന് അപേക്ഷ നൽകാൻ സമയം അനുവദിക്കുകയും ലഹരിമരുന്നിന്റെ അളവ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. നിലവിൽ റിമാൻഡിൽ കഴിയുന്ന ആദമിനെ പുതിയ കുറ്റകൃത്യങ്ങളുടെ പേരിൽ കൂടുതൽ ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *