ഡ്രൈവർ തർക്കിക്കുന്നതിനിടെ കാർ മോഷ്ടിക്കാൻ അപരിചിതന്റെ ശ്രമം

സൗത്ത് ബ്രിസ്ബെയ്ൻ: ദേഷ്യത്തിൽ വണ്ടിയിൽ നിന്നിറങ്ങി വഴക്കിടാൻ പോയ ഡ്രൈവറുടെ കാർ അപരിചിതനായ ഒരാൾ മോഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സൗത്ത് ബ്രിസ്ബെയ്നിൽ നാടകീയ രംഗങ്ങൾ. ബുധനാഴ്ച വൈകുന്നേരം സൗത്ത് ബ്രിസ്ബെയ്നിലെ റോഡിൽ വരിയായി കിടന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ പകരർത്തുകയായിരുന്ന ദമ്പതികൾക്ക് നേരെയാണ് ഒരു യൂട്ട് (Ute) ഡ്രൈവർ കോപാകുലനായി എത്തിയത്.

കാർ വശത്തേക്ക് ഒതുക്കി നിർത്തിയ ശേഷം വാഹനം തുറന്നിട്ട് ഡ്രൈവർ ദമ്പതികൾക്ക് നേരെ അസഭ്യവർഷവുമായി അടുക്കുകയായിരുന്നു. ‘എന്തിനാണ് എന്നെ റെക്കോർഡ് ചെയ്യുന്നത്?’ എന്ന് ചോദിച്ചുകൊണ്ട് ഇയാൾ ഇവർക്ക് നേരെ ആക്രോശിച്ചു. ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരിക്കെ, വഴിയിലൂടെ ട്രോളി തള്ളിക്കൊണ്ടുപോയ ഒരു അപരിചിതൻ നിർത്തിയിട്ടിരുന്ന വാഹനം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ട്രോളി വഴിയരികിൽ ഉപേക്ഷിച്ച് ഇയാൾ പെട്ടെന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കയറി വാഹനം ഓടിച്ചു പോകാൻ ശ്രമിച്ചു.

ഇത് ശ്രദ്ധയിൽപ്പെട്ട വീഡിയോ ചിത്രീകരിക്കുകയായിരുന്നയാൾ ആരോ നിന്റെ കാറെടുത്ത് പോകുന്നു’ എന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് ഓടിയെത്തിയ ഡ്രൈവർ വാഹനം കവരാൻ ശ്രമിച്ചയാളെ ബലമായി പുറത്തേക്ക് വലിച്ചിഴച്ചിടുകയും തുടർന്ന് വാഹനത്തിൽ കയറി വേഗത്തിൽ ഓടിച്ചു പോവുകയുമായിരുന്നു. റോഡിൽ വലിയ തർക്കങ്ങൾക്ക് വഴിതുറന്ന സംഭവം നിമിഷങ്ങൾക്കകം ചിരി പടർത്തുന്ന നാടകീയ രംഗങ്ങൾക്കാണ് വഴിവെച്ചത്.

ഓഗസ്റ്റ് 5-ന് വൈകുന്നേരം 6 മണിയോടെ സൗത്ത് ബ്രിസ്ബെയ്നിലെ കോർഡെലിയ സ്ട്രീറ്റും മെൽബൺ സ്ട്രീറ്റും ചേരുന്ന കവലയിലാണ് സംഭവം നടന്നതെന്ന് ക്വീൻസ്‌ലാന്റ് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വിവരങ്ങൾ അറിയാവുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്നും പോലീസ് വക്താവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *