സുഡാനിൽ സ്വർണഖനി തകർന്ന് 11 മരണം; 30 പേർക്ക് പരിക്ക്

ഖാർത്തൂം: വടക്കുകിഴക്കൻ സുഡാനിലെ റെഡ് സീ സംസ്ഥാനത്തെ ഓണി പ്രദേശത്ത് സ്വർണഖനി തകർന്നുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണ് ഖനി തകർന്നുവീണത്.

അപകടത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെത്തുകയും 30 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി സുഡാനീസ് മിനറൽ റിസോഴ്സസ് കമ്പനിയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.

സുഡാനിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വലിയ സ്വർണഖനി അപകടമാണിത്. കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ സുഡാനിലെ വെസ്റ്റ് കോർഡോഫാൻ മേഖലയിലെ മറ്റൊരു സ്വർണഖനി തകർന്ന് കുറഞ്ഞത് 82 പേർ മരിച്ചിരുന്നു. രാജ്യത്തെ നിരവധി ചെറുകിട, അനൗപചാരിക സ്വർണഖനികളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പരിമിതമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

സുഡാനിൽ സ്വർണഖനന മേഖലയിലെ അപകടങ്ങൾ പതിവാണ്. രാജ്യത്തെ ആഭ്യന്തര സംഘർഷവും ദുർബലമായ മേൽനോട്ടവും അനൗപചാരിക ഖനനരീതികളും തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *