ഹിജാബില്ലാതെ ടെഹ്‌റാനിൽ വനിതകളുടെ 10 കിലോമീറ്റർ ഓട്ടം; സംഘാടകർക്കെതിരെ നിയമനടപടി

ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന 10 കിലോമീറ്റർ റോഡ് റേസിൽ നിരവധി വനിതകൾ ഹിജാബ് ധരിക്കാതെ പങ്കെടുത്തത് ശ്രദ്ധേയമായി. വെള്ളിയാഴ്ച വെലായത്ത് പാർക്കിലാണ് വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിഭാഗങ്ങളിലായി മത്സരം നടന്നത്. മത്സരത്തിനിടെ ഹിജാബില്ലാതെ ഓടുന്ന വനിതകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ഇറാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന നിയമം ഇപ്പോഴും നിലവിലുണ്ട്. മത്സരത്തിന് മുമ്പ് ഇസ്‌ലാമിക വസ്ത്രധാരണ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് പങ്കെടുക്കുന്നവരിൽനിന്ന് ഉറപ്പ് വാങ്ങിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. ചില വനിതകളെ മത്സരത്തിൽനിന്ന് വിലക്കിയതായും ടെഹ്‌റാൻ പ്രവിശ്യയിലെ കായിക വകുപ്പ് ഡയറക്ടർ ഹബീബ് സൊതൂദെ-നെജാദ് പറഞ്ഞു. നിയമവും അച്ചടക്ക ചട്ടങ്ങളും ലംഘിച്ചവർക്കെതിരെ നടപടിയുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിന്റെ സംഘാടകർക്കെതിരെ ടെഹ്‌റാൻ പ്രോസിക്യൂട്ടർ ഓഫിസ് നിയമനടപടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പരിപാടിയിൽ നിയമപരവും മതപരവുമായ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നാരോപിച്ചാണ് കേസ് ആരംഭിച്ചതെന്ന് ഇറാനിലെ അർധ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനിയൻ വനിതാ ദീർഘദൂര താരം പരിസ അറബ് മത്സരത്തിൽ ഒന്നാമതെത്തി. 5,000 മീറ്റർ, 10,000 മീറ്റർ, ഹാഫ് മാരത്തൺ ഇനങ്ങളിലെ ദേശീയ റെക്കോർഡ് താരമായ അറബ് മത്സരത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പങ്കുവച്ചു.

2022ലെ ‘വുമൺ, ലൈഫ്, ഫ്രീഡം’ പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇറാനിലെ പൊതുസ്ഥലങ്ങളിൽ ഹിജാബില്ലാതെ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും, നിർബന്ധിത ഹിജാബ് സംബന്ധിച്ച നിയമങ്ങൾ ഔദ്യോഗികമായി തുടരുകയാണ്. 2025 ഡിസംബറിൽ കിഷ് ദ്വീപിൽ നടന്ന സമാനമായ വനിതാ ഓട്ടമത്സരത്തിലും ഹിജാബില്ലാതെ സ്ത്രീകൾ പങ്കെടുത്തതിനെ തുടർന്ന് സംഘാടകർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *