സിഡ്നി: സിഡ്നിയിലെ ആദ്യകാല ഇന്ത്യൻ ഓർത്തഡോക്സ് വൈദികനും ഓസ്ട്രേലിയയിലെ നിരവധി ദേവാലയങ്ങളുടെയും കോൺഗ്രിഗേഷനുകളുടെയും സ്ഥാപകനുമായ വെരി റവ. ഫാ. തോമസ് വർഗീസ് കോർ-എപ്പിസ്കോപ്പയ്ക്ക് (സജി അച്ചൻ) ആദരവും നന്ദിയും അർപ്പിച്ച് സിഡ്നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ‘സർവീസ് ഓഫ് ഗ്രാറ്റിറ്റ്യൂഡ്’ സംഘടിപ്പിക്കുന്നു. സിഡ്നി കത്തീഡ്രലിലെ മൂന്ന് പതിറ്റാണ്ട് നീണ്ട ഇടയശുശ്രൂഷയ്ക്ക് ശേഷം ഈ വർഷം വിരമിച്ച സജി അച്ചൻ, നിലവിൽ മലങ്കര ഓർത്തഡോക്സ് സഭ പുതുതായി ആരംഭിച്ച ഏഷ്യ-പസഫിക് ഭദ്രാസനത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്. നവംബർ 28 ശനിയാഴ്ച വൈകിട്ട് വാട്ടിൽ ഗ്രോവ് സെന്റ് മാർക്സ് കോപ്റ്റിക് ഓർത്തഡോക്സ് കോളേജിൽ വെച്ചാണ് ആദരവ് ചടങ്ങ് നടക്കുന്നത്. അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് മുഖ്യാതിഥിയായിരിക്കും. ന്യൂ സൗത്ത് വെയിൽസ് പാർലമെന്റ് അംഗങ്ങൾ, ലിവർപൂൾ കൗൺസിൽ മേയർ, സാമൂഹിക-രാഷ്ട്രീയ നേതാക്കൾ, സഹോദരീ സഭാ മേലധ്യക്ഷന്മാർ, വിവിധ ദേവാലയങ്ങളിലെ വൈദികർ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
മാവേലിക്കര വിളനിലത്ത് കുടുംബാംഗമായ സജി അച്ചൻ 1986-ലാണ് ഓസ്ട്രേലിയയിൽ എത്തിയത്. 1990-ൽ ഏതാനും കുടുംബങ്ങൾ ചേർന്ന് ആരംഭിച്ച ഒരു ചെറിയ പ്രാർത്ഥനാ കൂട്ടായ്മയിൽ നിന്നാണ് ഇന്നത്തെ സിഡ്നി ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ തുടക്കം. 1996 നവംബറിൽ ശെമ്മാശപട്ടം സ്വീകരിച്ച അദ്ദേഹത്തിന് 1998 ഒക്ടോബറിൽ വൈദിക സ്ഥാനം ലഭിക്കുകയും, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ സിഡ്നിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ആദ്യ ഇടവക വികാരിയായി നിയമിക്കുകയും ചെയ്തു. തുടർന്ന് വിശ്വാസികളുടെ കൂട്ടായ്മയിലൂടെ വാട്ടിൽ ഗ്രോവിൽ സ്ഥലം വാങ്ങി നിർമ്മിച്ച ദേവാലയം 2005 നവംബർ 13-ന് അഭിവന്ദ്യ യാക്കോബ് മാർ ഐറേനിയോസ് തിരുമേനി കൂദാശ ചെയ്തു. അതേ ദിവസം തന്നെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ കല്പനപ്രകാരം ദേവാലയത്തിന് കത്തീഡ്രൽ പദവിയും ലഭിച്ചു. 2022 സെപ്റ്റംബർ 24-ന് സിഡ്നിയിൽ വെച്ച് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി സജി അച്ചനെ കോർ-എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തി.
നിർമ്മല പൗരോഹിത്യ ശുശ്രൂഷയുടെ 28 വർഷങ്ങൾ പിന്നിടുന്ന സജി അച്ചൻ ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഓസ്ട്രേലിയയിൽ സഭയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയത്. സിഡ്നി, ബ്രിസ്ബേൻ, കാൻബറ, വാഗ വാഗ, വൊള്ളൻഗോങ്, ഓറഞ്ച്, ടൗൺസ്വിൽ, വയോങ് തുടങ്ങി ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ അച്ചന്റെ പരിശ്രമഫലമായി ദേവാലയങ്ങളും കോൺഗ്രിഗേഷനുകളും സ്ഥാപിക്കപ്പെട്ടു. ഓസ്ട്രേലിയയിലെ എക്യുമെനിക്കൽ കൗൺസിലിലും കൗൺസിൽ ഓഫ് ചർച്ചസിലും സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം സിഡ്നിയിലെ സഹോദരീ സഭകളുമായും അടുത്ത ബന്ധം പുലർത്തിപ്പോന്നു. കത്തീഡ്രലിന്റെ സ്ഥാപനം മുതൽ ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് അച്ചൻ നൽകിയ നിസ്തുലമായ സേവനങ്ങൾക്കുള്ള വിശ്വാസിസമൂഹത്തിന്റെ നന്ദിപ്രകാശനമാണ് ‘സർവീസ് ഓഫ് ഗ്രാറ്റിറ്റ്യൂഡ്’. ചടങ്ങ് വിജയകരമാക്കുന്നതിനായി ഇടവക വികാരി റവ. ഫാ. ജോൺ ജോഷ്ബീ തോമസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

