ആന്‍ഡ്രൂ മൗണ്ട്ബാറ്റണെ പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തിന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പിന്തുണ

കാന്‍ബറ: ബ്രിട്ടിഷ് രാജസിംഹാസനത്തിന്റെ പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറെ നീക്കം ചെയ്യാനുള്ള നീക്കത്തിന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി പിന്തുണ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന് അദ്ദേഹം കത്തയച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ആന്‍ഡ്രൂ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ നീക്കം.

നിലവില്‍ പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ആന്‍ഡ്രൂ. അദ്ദേഹത്തെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ഏത് നീക്കത്തോടും തന്റെ ഗവണ്‍മെന്റ് യോജിക്കുമെന്ന് ആല്‍ബനീസി കത്തില്‍ വ്യക്തമാക്കി. നിയമം അതിന്റെ വഴിക്ക് പോകണമെന്നും വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നുമുള്ള ചാള്‍സ് രാജാവിന്റെ നിലപാടിനോട് താന്‍ യോജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധവും ഔദ്യോഗിക പദവിയിലിരിക്കെ രഹസ്യരേഖകള്‍ കൈമാറിയെന്ന ആരോപണവുമാണ് ആന്‍ഡ്രൂവിനെ കുടുക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ രാജപദവികളും സൈനിക ബഹുമതികളും ചാള്‍സ് രാജാവ് എടുത്തുമാറ്റിയിരുന്നു. പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ട്. കൂടാതെ ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ അംഗീകാരവും ഇതിന് ആവശ്യമാണ്.

ആന്‍ഡ്രൂവിനെതിരെയുള്ള ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും ഓസ്‌ട്രേലിയന്‍ ജനത ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും ആല്‍ബനീസി വ്യക്തമാക്കി. സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വസതിയിൽ നിന്നാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരവും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *