സിഡ്നി: ഓസ്ട്രേലിയയിലെ പ്രശസ്തമായ റീനൊവേഷൻ റിയാലിറ്റി ടെലിവിഷൻ ഷോയായ ‘ദി ബ്ലോക്കി’ന്റെ (The Block) 2025 സീസണിൽ നിർമ്മിച്ച മൂന്ന് വീടുകൾ ഫിനാലെ കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും വിറ്റുപോകാതെ വിപണിയിൽ തുടരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ സീസണിന്റെ ഫിനാലെ സംപ്രേഷണം ചെയ്തത്.
ഓസ്ട്രേലിയൻ പട്ടണമായ ഡെയ്ൽസ്ഫോർഡിൽ സ്ഥിതി ചെയ്യുന്ന ഈ വീടുകൾക്ക് ഏകദേശം 30 ലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ മേഖലയിലെ ശരാശരി വീടുവിലയായ 8,50,000 ഡോളറിനേക്കാൾ 252 ശതമാനം അധികമാണിത്. ഫിനാലെയിലെ ലേലത്തിൽ രണ്ട് വീടുകൾ വിറ്റുപോകാതിരുന്നപ്പോൾ, മൂന്നാമത്തെ വീട് വാങ്ങാമെന്നേറ്റയാൾ പിന്മാറിയതിനെ തുടർന്നാണ് വീണ്ടും വിപണിയിലെത്തിയത്.
യഥാർത്ഥ വിപണി സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഷോ മുന്നോട്ട് പോകുന്നതെന്ന് ആർ.എം.ഐ.ടി സർവകലാശാലയിലെ പ്രോപ്പർട്ടി വിദഗ്ദ്ധൻ അസോസിയേറ്റ് പ്രൊഫസർ ട്രൈവസ് മൂർ വിമർശിച്ചു. സാധാരണ പ്രദേശങ്ങളിലെ സാധാരണ വീടുകളെ വലിയ കൊട്ടാരങ്ങളാക്കി മാറ്റാനാണ് ഷോയിലൂ ടെ മത്സരാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും, എന്നാൽ എത്രയൊക്കെ മാറ്റങ്ങൾ വരുത്തിയാലും വിപണിക്ക് താങ്ങാവുന്നതിനപ്പുറം വില കൂട്ടിയാൽ വലിയ പണച്ചാക്കുകളായ അപൂർവ്വം ഉപഭോക്താക്കളെ മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ‘ദി ബ്ലോക്കി’ന്റെ പുതിയ സീസൺ ഓസ്ട്രേലിയയിലെ മറ്റൊരു സ്ഥലത്ത് നിലവിൽ പുരോഗമിക്കുകയാണ്.

