വിക്ടോറിയൻ പൊതുമേഖലാ ഡോക്ടർമാർ പണിമുടക്കിലേക്ക്: ജോലിഭാരവും കുറഞ്ഞ ശമ്പളവും പ്രധാന കാരണങ്ങൾ

മെൽബൺ: ശമ്പളവർധനവും ജോലി സാഹചര്യങ്ങളിലെ പരിഷ്കരണവും ആവശ്യപ്പെട്ട് വിക്ടോറിയയിലെ സർക്കാർ മേഖലയിലെ ഡോക്ടർമാർ പണിമുടക്കാനൊരുങ്ങുന്നു. 12.5 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യിപ്പിക്കരുത് എന്നതടക്കമുള്ള ആവശ്യങ്ങളിൽ സർക്കാർ ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഡോക്ടർമാരുടെ തീരുമാനം.

അമിത ജോലിഭാരം മൂലം ഡോക്ടർമാർക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ തളർച്ച (Fatigue) ചികിത്സാ പിഴവുകൾക്ക് കാരണമാകുന്നുവെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ (AMA) മുന്നറിയിപ്പ് നൽകി. എ.എം.എ നടത്തിയ പഠനമനുസരിച്ച് പകുതിയോളം ജൂനിയർ ഡോക്ടർമാരും തളർച്ച കാരണം രോഗീപരിചരണത്തിൽ പിഴവുകൾ സംഭവിക്കുമോ എന്ന് ഭയപ്പെടുന്നു. പലപ്പോഴും 14 മണിക്കൂർ തുടർച്ചയായി ജോലി ചെയ്ത ശേഷമാണ് ഡോക്ടർമാർ എമർജൻസി വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നത്. ഇത് തെറ്റായ മരുന്നുകൾ കുറിക്കാനോ തെറ്റായ പരിശോധനകൾ നിർദ്ദേശിക്കാനോ ഇടയാക്കുമെന്നും ഇത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്നും എ.എം.എ വിക്ടോറിയ പ്രസിഡന്റ് ഡോ. സൈമൺ ജഡ്‌കിൻസ് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് മുതൽ ആരോഗ്യവകുപ്പുമായി ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തുന്നുണ്ടെങ്കിലും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. പ്രധാനമായും താഴെ പറയുന്ന ആവശ്യങ്ങളാണ് ഡോക്ടർമാർ മുന്നോട്ട് വെക്കുന്നത്:

ഒരു ഷിഫ്റ്റ് പരമാവധി 12.5 മണിക്കൂറായി നിജപ്പെടുത്തുക.

തുടർച്ചയായ നൈറ്റ് ഷിഫ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക.

അടുത്ത നാല് വർഷത്തിനുള്ളിൽ 30 ശതമാനം ശമ്പള വർധനവ് നടപ്പിലാക്കുക.

നിലവിലെ കരാർ (EBA) ഏപ്രിൽ അവസാനത്തോടെ അവസാനിക്കും. അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ അവസാന മാർഗമെന്ന നിലയിൽ പണിമുടക്ക് ആരംഭിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ സർക്കാർ വളരെ ഗൗരവത്തോടെയാണ് ചർച്ചകളെ കാണുന്നതെന്നും ഡോക്ടർമാരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ആരോഗ്യ മന്ത്രി മേരി-ആൻ തോമസ് പറഞ്ഞു.

അതേസമയം, പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കൂടുതൽ ഡോക്ടർമാർ പൊതുമേഖല ഉപേക്ഷിക്കുമെന്നും ഇത് ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും ഡോ. ജഡ്‌കിൻസ് ചൂണ്ടിക്കാട്ടി. നിലവിൽ തന്നെ പല ഡോക്ടർമാരും ജോലി സമയം കുറയ്ക്കാനും പാർട്ട് ടൈം ജോലികളിലേക്ക് മാറാനും തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *