‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ; മോദിയുടെ സന്ദർശനം നിർണ്ണായകം

മുംബൈ: ലോകപ്രശസ്തമായ ‘അയൺഡോം’ (Iron Dome) വ്യോമപ്രതിരോധ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രയേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ വാഗ്ദാനം. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ അയൺഡോം കൂടാതെ മറ്റ് നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും.

റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമാണിത്. റഡാർ, നിയന്ത്രണ കേന്ദ്രം, ഇന്റർസെപ്റ്റർ മിസൈലുകൾ എന്നിവ സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.ശത്രുക്കൾ വിക്ഷേപിക്കുന്ന റോക്കറ്റുകളുടെ ലക്ഷ്യസ്ഥാനം നിമിഷനേരം കൊണ്ട് കണക്കുകൂട്ടാനും ജനവാസ മേഖലകളെ ബാധിക്കുന്നവയെ മാത്രം തകർക്കാനും അയൺഡോമിന് കഴിയും. കൂടാതെ, എളുപ്പത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും വിന്യസിക്കാനും സാധിക്കും.

ഉയർന്ന പ്രവർത്തനച്ചെലവാണ് ഇതിന്റെ പ്രധാന പോരായ്മ. കൂടാതെ, ഒരേസമയം നൂറുകണക്കിന് മിസൈലുകൾ ഉപയോഗിച്ചുള്ള വൻ ആക്രമണങ്ങളെ നേരിടാൻ അയൺഡോമിന് പരിമിതികളുണ്ട്.ഇസ്രയേലിന്റെ പ്രതിരോധ നിരയിലെ ഏറ്റവും താഴത്തെ പാളിയായ അയൺഡോം ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ കരുത്താകും. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ നേരിടാൻ ഇസ്രയേൽ ഉപയോഗിക്കുന്ന ഡേവിഡ് സ്ലിംഗ്, ആരോ സിസ്റ്റം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ഈ സന്ദർശനത്തിന്റെ ഭാഗമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *