എസ്ഐആർ: തലസ്ഥാനത്ത് 1.61 ലക്ഷം വോട്ടർമാർ പുറത്ത്; ‘നോ മാപ്പിങ്’ പ്രതിസന്ധിയിൽ വലഞ്ഞ് മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (Special Intensive Revision – SIR) ഭാഗമായി തലസ്ഥാന നഗരത്തിലെ നാല് പ്രധാന മണ്ഡലങ്ങളിൽ നിന്ന് 1.61 ലക്ഷം വോട്ടർമാർ പട്ടികയ്ക്ക് പുറത്തായതായി റിപ്പോർട്ട്. തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ഇത്രയധികം പേർ അപ്രത്യക്ഷമായത്. ഇതിൽ 85,000 പേർ ഫ്ലാറ്റുകളിൽ താമസിക്കുന്നവരാണ്.

പഴയ പട്ടികയിലെ വിവരങ്ങളുമായി പുതിയ വിവരങ്ങൾ കൂട്ടിയിണക്കാൻ കഴിയാത്ത ‘നോ മാപ്പിങ്’ (No Mapping) പ്രതിസന്ധിയാണ് ഇത്രയധികം വോട്ടർമാർ പുറത്താകാൻ പ്രധാന കാരണം. എസ്ഐആർ വിവരശേഖരണ വേളയിൽ മതിയായ രേഖകൾ സമർപ്പിക്കാത്തതും പലരെയും കണ്ടെത്താൻ കഴിയാത്തതും തിരിച്ചടിയായി.

നഗരത്തിലെ ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും താമസിച്ചിരുന്ന 85,000-ത്തോളം പേരെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് കണ്ടെത്താനായില്ല. ഓരോ മണ്ഡലത്തിലും ഇത്തരക്കാർ 20,000-ത്തിന് മുകളിലുണ്ട്. മുൻകാലങ്ങളിൽ തദ്ദേശ പ്രതിനിധികളുടെ ശുപാർശയോടെ ലഭിച്ച റസിഡൻസ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പേര് ചേർത്തവരാണ് പുറത്തായവരിലേറെയും. എസ്ഐആറിൽ കർശനമായ രേഖാപരിശോധനയും മാപ്പിങ്ങും നിർബന്ധമാക്കിയതോടെ ഇവർ ഒഴിവാക്കപ്പെട്ടു.

വൻതോതിൽ വോട്ടുചോർച്ച ഉണ്ടായതോടെ നാല് മണ്ഡലങ്ങളിലും വോട്ടർമാരെ വീണ്ടും ചേർക്കുന്നതിനായി രാഷ്ട്രീയ മുന്നണികൾ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.കേരളത്തിലെ 140 മണ്ഡലങ്ങളിൽ 95 ഇടത്തും വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ 46 മണ്ഡലങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണം വർദ്ധിച്ചു എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *