കാമുകിയുടെ ചതി; മെക്സിക്കൻ മാഫിയ തലവൻ നെമീസിയോ റൂബൻ കൊല്ലപ്പെട്ടത് ക്രൂരമായ ആസൂത്രണത്തിലൂടെ

മെക്സിക്കോ സിറ്റി: ലോകത്തെ ഏറ്റവും അപകടകാരികളായ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളായ നെമീസിയോ റൂബൻ ഒസെഗ്വേര സെർവാന്റസ് (എൽ മെഞ്ചോ) കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നെമീസിയോയുടെ കാമുകിയുടെ നീക്കങ്ങളാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) തലവനായിരുന്നു ഇയാൾ.

ദീർഘകാലമായി സുരക്ഷാ ഏജൻസികളെ വെട്ടിച്ച് ഒളിവിലായിരുന്ന നെമീസിയോയുടെ ഒളിത്താവളം ശത്രുക്കൾക്ക് ചോർത്തി നൽകിയത് അദ്ദേഹത്തിന്റെ കാമുകിയാണെന്നാണ് സൂചന. കാമുകിയുടെ ഫോൺ കോളുകളും സന്ദേശങ്ങളും പിന്തുടർന്നാണ് എതിരാളികൾ ഇയാളെ കണ്ടെത്തിയത്.

മെക്സിക്കൻ മയക്കുമരുന്ന് വിപണിയിലെ ആധിപത്യത്തിനായി നടന്ന കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. അതീവ സുരക്ഷാ വലയത്തിലായിരുന്ന നെമീസിയോയെ കാമുകിയുടെ സഹായത്തോടെ ഒളിത്താവളത്തിൽ വെച്ച് തന്നെ വധിക്കുകയായിരുന്നു.

അമേരിക്കൻ ഏജൻസിയായ ഡി.ഇ.എ (DEA) ഏറ്റവും കൂടുതൽ തിരയുന്ന കുറ്റവാളികളിൽ ഒരാളായിരുന്നു നെമീസിയോ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. മെക്സിക്കോയിലെ പല പ്രവിശ്യകളിലും സമാന്തര ഭരണം നടത്തിയിരുന്ന ഇയാളുടെ മരണം അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാ ലോകത്തിന് വലിയ തിരിച്ചടിയാണ്.

നെമീസിയോയുടെ മരണം മെക്സിക്കോയിലെ മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ വലിയ അധികാര തർക്കങ്ങൾക്ക് വഴിമാറുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മെക്സിക്കോയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *