ബോംബ് ഭീഷണിക്ക് പിന്നാലെ താൻ സുരക്ഷിതനെന്ന് പ്രധാനമന്ത്രി; രാഷ്ട്രീയക്കാർക്കെതിരെയുള്ള ഭീഷണി വർധിക്കുന്നതിൽ ആശങ്ക

കാൻബറ: തന്റെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നാലെ താൻ സുരക്ഷിതനാണെന്നും പ്രവർത്തനങ്ങളിൽ തടസ്സമില്ലെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസി വ്യക്തമാക്കി. ബുധനാഴ്ച രാവിലെ തന്റെ വളർത്തുനായ ‘ടോട്ടോ’ വസതിയുടെ വാതിക്കൽ ജാഗ്രതയോടെ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ടോട്ടോ അതീവ ജാഗ്രതയിലാണ്, എങ്കിലും എല്ലാം ശുഭകരമായിരിക്കുന്നു. ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന്റെ (AFP) പ്രൊഫഷണലിസത്തിനും നിരന്തരമായ സേവനത്തിനും നന്ദി പറയുന്നു. ഒപ്പം സ്നേഹവും പിന്തുണയും അറിയിച്ച എല്ലാവരോടും കടപ്പാടുണ്ട്,” പ്രധാനമന്ത്രി കുറിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കാൻബറയിലെ ‘ദി ലോഡ്ജി’ൽ സുരക്ഷാ ഭീഷണി ഉണ്ടായത്. മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ തിരച്ചിലിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് വസതി സുരക്ഷിതമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രി നല്ല മാനസികാവസ്ഥയിലാണെന്ന് ധനമന്ത്രി കാറ്റി ഗല്ലാഘർ അറിയിച്ചു. മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടായതായി ഓർക്കുന്നില്ലെന്നും രാഷ്ട്രീയക്കാർക്കെതിരെയുള്ള ഭീഷണികൾ പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവർ കൂട്ടിചേർത്തു. ഭരണ-പ്രതിപക്ഷ ഭേദമന്യേ നിരവധി നേതാക്കൾ സംഭവത്തെ അപലപിച്ചു. സംവാദങ്ങളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്ന രാജ്യത്ത് ഇത്തരം ഭീഷണികൾ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ പറഞ്ഞു. അക്രമത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ഗ്രീൻസ് നേതാവ് ലാറിസ വാട്ടേഴ്സും പ്രതികരിച്ചു.

അതേസമയം, രാജ്യത്ത് രാഷ്ട്രീയ നേതാക്കൾക്ക് നേരെയുള്ള ഭീഷണികൾ ആശങ്കാജനകമാംവിധം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 951 ഭീഷണി സന്ദേശങ്ങളാണ് ഫെഡറൽ പോലീസിന് ലഭിച്ചത്. ഇത് കഴിഞ്ഞ നാല് വർഷത്തിനിടയിലെ 63 ശതമാനം വർധനവാണ്. പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 43-കാരൻ നിലവിൽ വിചാരണ നേരിടുകയാണ്. ട്രഷറർ ജിം ചാൽമേഴ്സിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മറ്റൊരാളെ കഴിഞ്ഞ ആഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടാതെ, നവംബറിൽ നടന്ന നവ-നാസി റാലിയെ അപലപിച്ച അലെഗ്ര സ്പെൻഡർ, കെല്ലി സ്ലോൺ തുടങ്ങിയ വനിതാ നേതാക്കൾക്ക് നേരെയും സമാനമായ ഭീഷണികൾ ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *