കൊച്ചി: വിവാദമായ ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്ന ഹർജികളിൽ കേരള ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെ കോടതിയുടെ തീരുമാനം നിർണ്ണായകമാണ്.
ചിത്രത്തിന്റെ ട്രെയിലറിലും ടീസറിലും കേരളത്തെ മോശമായി ചിത്രീകരിക്കുന്ന പരാമർശങ്ങളുണ്ടെന്നും, മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള ഉള്ളടക്കമാണ് സിനിമയുടേതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. സിനിമയുടെ പേരിൽ നിന്നും ‘കേരളം’ എന്ന വാക്ക് നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.വ്യാഴാഴ്ച ഹർജി പരിഗണിക്കവെ, ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിന്റെ നടപടിയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സെൻസർ ബോർഡ് കൃത്യമായി കാര്യങ്ങൾ പരിശോധിച്ചില്ലെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നതായും കോടതി നിരീക്ഷിച്ചു.
സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ നിർമ്മാതാക്കൾ തയ്യാറാണോ എന്ന് കോടതി ചോദിച്ചിരുന്നു. ഇതിനു മറുപടി നൽകാൻ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും സമയം നൽകിയിരുന്നു..ഇന്ന് പുറത്തുവരുന്ന വിധി അനുസരിച്ചായിരിക്കും ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുക.ഹൈക്കോടതിയുടെ വിധി വരുന്നതോടെ ഈ സിനിമയുടെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വത്തിന് പരിഹാരമാകും. കോടതി വിധി വരുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

