ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാധ്യമങ്ങളുമായി വരുമാനം പങ്കുവെക്കണം; മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വാർത്താ മാധ്യമങ്ങൾക്കും ഉള്ളടക്കം നിർമ്മിക്കുന്നവർക്കും വരുമാനത്തിന്റെ ന്യായമായ വിഹിതം നൽകണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (DNPA) കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വമേധയാ നടപടിയെടുത്തില്ലെങ്കിൽ നിയമനിർമ്മാണത്തിലൂടെ ഇത് നടപ്പിലാക്കാൻ സർക്കാർ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാർത്തകൾ നിർമ്മിക്കുന്ന പത്രങ്ങൾക്കും ചാനലുകൾക്കും ഡിജിറ്റൽ ലോകത്തെ വരുമാനത്തിൽ കൃത്യമായ വിഹിതം ലഭിക്കുന്നില്ല. വാർത്താ റിപ്പോർട്ടർമാർ, പാരമ്പര്യ മാധ്യമങ്ങൾ, ഉൾനാടുകളിലിരുന്ന് ഉള്ളടക്കം നിർമ്മിക്കുന്നവർ, ഗവേഷകർ എന്നിവർക്കെല്ലാം പ്ലാറ്റ്‌ഫോമുകൾ ന്യായമായ പണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വരുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം അതിനു പിന്നിലുള്ള കമ്പനികൾക്കാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ‘കേവലം ഒരു ഇടനിലക്കാരൻ’ എന്ന വാദം ഇനി നിലനിൽക്കില്ലെന്നും വ്യാജവാർത്തകളും അപകടകരമായ ഉള്ളടക്കങ്ങളും തടയേണ്ടത് ഇവരുടെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാളുടെ അനുവാദമില്ലാതെ അയാളുടെ മുഖമോ ശബ്ദമോ ഉപയോഗിച്ച് എ.ഐ (AI) വഴി ദൃശ്യങ്ങൾ നിർമ്മിക്കുന്നത് (Synthetic Content) അനുവദിക്കില്ല. ഇതിന് കർശനമായ നിയന്ത്രണം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡിജിറ്റൽ മാധ്യമ മേഖലയിൽ നിലനിൽക്കുന്ന അസമത്വങ്ങൾ പരിഹരിക്കാനും വാർത്താ സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. ഇത് നടപ്പിലായാൽ കേരളത്തിലെ മാധ്യമങ്ങൾക്കും പ്രാദേശിക കണ്ടന്റ് ക്രിയേറ്റർമാർക്കും വലിയ സാമ്പത്തിക ഗുണമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *