സിഡ്‌നിയിൽ പ്രളയക്കെടുതി: ആറര മീറ്റർ ആഴമുള്ള ഓടയിൽ വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി

സിഡ്‌നി: സിഡ്‌നി നഗരത്തെ പിടിച്ചുലച്ച അതിശക്തമായ കൊടുങ്കാറ്റിലും പെട്ടെന്നുണ്ടായ പ്രളയത്തിലും പെട്ട് ആറര മീറ്റർ ആഴമുള്ള ഓടയിൽ വീണ വയോധികനെ രണ്ട് യുവാക്കൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. നോർത്ത് ഷോറിലെ ബാൽമോറലിലാണ് നാടകീയമായ ഈ രക്ഷാപ്രവർത്തനം നടന്നത്.

മൂന്ന് ആഴ്ച മുൻപ് മാത്രം ഓസ്‌ട്രേലിയയിലെത്തിയ ഡാനിലോ ഡിമാസ് എന്ന മുൻ ബ്രസീലിയൻ പോലീസ് ഉദ്യോഗസ്ഥനും ആംഗസ് ഫിൻലേസൺ എന്ന യുവാവുമാണ് രക്ഷകരായത്. തുറന്നു കിടന്നിരുന്ന ഓടയിലെ വെള്ളത്തിൽ വയോധികന്റെ മുഖം മാത്രം കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ താൻ ഉള്ളിലേക്ക് ചാടുകയായിരുന്നു എന്ന് ഡിമാസ് പറഞ്ഞു. ഓടയ്ക്ക് ഇത്രയധികം ആഴമുണ്ടെന്ന് ചാടിക്കഴിഞ്ഞാണ് ബോധ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിമാസ് വയോധികനെ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിക്കുകയും തുടർന്ന് ഫിൻലേസണിന്റെ സഹായത്തോടെ ഇദ്ദേഹത്തെ പുറത്തെടുക്കുകയുമായിരുന്നു. നേരിയ പരിക്കുകളേറ്റ വയോധികനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിഡ്‌നിയിലുടനീളം പ്രളയം കടുത്ത നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. ഫെയർഫീൽഡിലെ തെരുവുകളിൽ ജെറ്റ് സ്കീ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയാണുണ്ടായത്. രണ്ട് മണിക്കൂറിനുള്ളിൽ മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പ്രളയം ആഞ്ഞടിച്ചതെന്ന് താമസക്കാർ പറഞ്ഞു. ഏകദേശം 500-ഓളം സഹായ അഭ്യർത്ഥനകളാണ് അധികൃതർക്ക് ലഭിച്ചത്. 42 ഇടങ്ങളിൽ അതീവ ഗുരുതരമായ രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവന്നു.

മിൽപ്പറ റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകൾ ഗതാഗതയോഗ്യമല്ലാതായി. കൻലി വേൽ, ബാങ്ക്സ്റ്റൗൺ എയർപോർട്ട് പരിസരം എന്നിവിടങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണിതെന്ന് സിഡ്‌നി നിവാസികൾ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാകാറുണ്ടെന്നും അധികൃതർ ഇത് തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Bureau of Meteorology) നൽകിയ മുന്നറിയിപ്പിനേക്കാൾ വേഗത്തിലും ശക്തിയിലുമാണ് മഴ പെയ്തതെന്ന് അധികൃതർ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *