സിറിയന്‍ ക്യാമ്പുകളിൽ കഴിയുന്ന ഓസ്‌ട്രേലിയൻ കുട്ടികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ജമാൽ റിഫി ; നിലപാട് കടുപ്പിച്ച് ഫെഡറൽ സർക്കാർ

സിഡ്‌നി: സിറിയയിലെ തടങ്കൽ പാളയങ്ങളിൽ കഴിയുന്ന 23 ഓസ്‌ട്രേലിയൻ കുട്ടികളെ എത്രയും വേഗം മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് പ്രമുഖ സിഡ്‌നി ഡോക്ടർ ജമാൽ റിഫി ആവശ്യപ്പെട്ടു. ഐസിസ് (ISIS) വധുക്കളായ ഓസ്‌ട്രേലിയൻ വംശജരുടെ മക്കളായ ഈ കുട്ടികൾ വടക്കുകിഴക്കൻ സിറിയയിലെ ദുരിതപൂർണ്ണമായ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ‘7NEWS’ പോഡ്‌കാസ്റ്റിൽ വ്യക്തമാക്കി.

“ഈ കുട്ടികൾ ഏറെക്കാലമായി തടങ്കൽ പാളയത്തിലാണ്. ഓസ്‌ട്രേലിയൻ പൗരന്മാരായ അവർക്ക് തങ്ങൾ സ്നേഹിക്കുന്ന, എന്നാൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത സ്വന്തം രാജ്യത്ത് ജീവിക്കാൻ അവകാശമുണ്ട്,” നിലവിൽ ലെബനനിലുള്ള ഡോക്ടർ റിഫി പറഞ്ഞു. പത്ത് ദിവസം മുൻപ് 34 സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് വീണ്ടും ക്യാമ്പിലേക്ക് തന്നെ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിറിയയിലെ നിലവിലെ സാഹചര്യം അങ്ങേയറ്റം അസ്ഥിരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും സിറിയൻ ഗവൺമെന്റും തമ്മിലുള്ള അധികാര കൈമാറ്റം ഏകോപനമില്ലാതെ നടന്നാൽ അത് ക്യാമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ ബാധിക്കുമെന്നും അരാജകത്വം മുതലെടുത്ത് പലരും ഇവരെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

എന്നാൽ, ഇവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഫെഡറൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സംഘത്തിന് പാസ്‌പോർട്ടുകൾ കൈമാറിയിട്ടുണ്ടെങ്കിലും ഇവരെ നാട്ടിലെത്തിക്കാൻ ഔദ്യോഗികമായി യാതൊരു സഹായവും നൽകില്ലെന്ന് ആൽബനീസ് സർക്കാർ വ്യക്തമാക്കി. “സ്വയം കുഴിച്ച കുഴിയിൽ വീണവർ അതിൽ തന്നെ കഴിയട്ടെ. ഇത്തരക്കാരോട് എനിക്ക് പുച്ഛം മാത്രമാണുള്ളത്,” എന്നായിരുന്നു പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ മുൻപത്തെ പ്രതികരണം.

സർക്കാർ കുറച്ചുകൂടി കാരുണ്യത്തോടെ ഈ കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഡോക്ടർ ജമാൽ റിഫി അഭ്യർത്ഥിച്ചു. കുട്ടികൾ തെറ്റുകാരല്ലെന്നും അവരോട് മാനുഷികമായ പരിഗണന കാണിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *