ബൊളീവിയയിൽ കറൻസി നോട്ടുകളുമായി വന്ന സൈനിക വിമാനം തകർന്നു; 15 മരണം

ലാ പാസ്: ബൊളീവിയയിൽ കറൻസി നോട്ടുകൾ കൊണ്ടുപോവുകയായിരുന്ന സൈനിക ചരക്കുവിമാനം തകർന്നുവീണ് 15 പേർ മരിച്ചു. അപകടത്തിൽ മുപ്പതിലേറെപ്പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപമുള്ള എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം.

ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് സി–130 (Hercules C-130) വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാന്താ ക്രൂസിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് പുതിയ കറൻസി നോട്ടുകളുമായി പോകുകയായിരുന്നു വിമാനം. മോശം കാലാവസ്ഥയെത്തുടർന്ന് ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെറ്റി സമീപത്തെ തിരക്കേറിയ റോഡിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.അപകടത്തെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ലക്ഷക്കണക്കിന് കറൻസി നോട്ടുകൾ റോഡിൽ ചിതറിക്കിടന്നു. ഈ നോട്ടുകൾ ശേഖരിക്കാൻ നാട്ടുകാർ തടിച്ചുകൂടിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കി.

അപകടകാരണം വ്യക്തമല്ലെങ്കിലും കനത്ത ആലിപ്പഴ വർഷവും ഇടിമിന്നലുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബൊളീവിയൻ പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അപകടത്തെത്തുടർന്ന് എൽ ആൾട്ടോ വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരിൽ രണ്ട് പേരെ കണ്ടെത്താനുണ്ടെന്ന് വ്യോമസേന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *