മെൽബൺ: വിക്ടോറിയയിൽ ജോലി അന്വേഷിക്കുന്നവർക്കും കരിയർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സഹായകരമായി ഫിറ്റ്‌സ്‌റോയിയിൽ (Fitzroy) പുതിയ ‘യാര ത്രൈവ് ഹബ് ഫിറ്റ്‌സ്‌റോയി’ പ്രവർത്തനം ആരംഭിച്ചു. തൊഴിൽ പരിശീലനം, അഭിമുഖങ്ങൾക്കുള്ള തയ്യാറെടുപ്പ് എന്നിവയ്ക്ക് ഈ കേന്ദ്രത്തിലൂടെ മികച്ച പിന്തുണ ലഭിക്കും. വിക്ടോറിയയിൽ പൂർണ്ണ തൊഴിൽ അവകാശമുള്ളവർക്കാണ് ഇതിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുക.
വിക്ടോറിയൻ തൊഴിൽ വകുപ്പ് മന്ത്രി മെലിസ ഹോൺ (Melissa Horne) ആണ് പുതിയ ഹബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രമുഖ സന്നദ്ധ സംഘടനയായ ‘ബ്രദർഹുഡ് ഓഫ് സെന്റ് ലോറൻസുമായാണ് (BSL) പദ്ധതി നടപ്പിലാക്കുന്നത്. മുൻപ് വർക്ക് ആൻഡ് ലേണിംഗ് സെന്ററായി പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രം പുതിയ ട്രെയിനിങ് റൂമുകളും കോച്ചിംഗ് ഏരിയകളും ഉൾപ്പെടുത്തിയാണ് നവീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 2025-26 ബജറ്റിൽ പ്രാദേശിക തൊഴിൽ പദ്ധതികൾക്കായി മാറ്റിവെച്ച 5 മില്യൺ ഡോളറിന്റെ ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഈ നവീകരണത്തിലൂടെ പ്രതിവർഷം 150-ലധികം ആളുകൾക്ക് കൂടി പുതിയതായി പരിശീലനം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് വ്യക്തിഗത കോച്ചിംഗ്, ഇന്റർവ്യൂ പരിശീലനം, പ്രീ-എംപ്ലോയ്‌മെന്റ് ട്രെയിനിങ് തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. വിക്ടോറിയയിൽ ആരംഭിക്കുന്ന നാലാമത്തെ ത്രൈവ് ഹബ്ബാണിത്. ഇതിനുപുറമെ ഫ്രാങ്ക്‌സ്റ്റൺ (Frankston), ബ്രോഡ്മീഡോസ് (Broadmeadows), സീമോർ (Seymour) എന്നിവിടങ്ങളിലും മറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആളുകളെ മികച്ച തൊഴിലിലേക്ക് നയിക്കുകയാണ് ഈ സേവനങ്ങളുടെ ലക്ഷ്യമെന്ന് ബിഎസ്എൽ എക്സിക്യൂട്ടീവ് ഡയറക്ടർ ട്രാവേഴ്‌സ് മക്ലിയോഡ് (Travers McLeod) വ്യക്തമാക്കി.
വിക്ടോറിയയിലെ സ്ഥിരതാമസക്കാർക്കും പൂർണ്ണമായി ജോലി ചെയ്യാൻ അവകാശമുള്ള വിസകളിൽ (Full working rights) ഉള്ളവർക്കുമാണ് ഹബ്ബിന്റെ സേവനം ലഭിക്കുക. 2025-ൽ മാത്രം സംസ്ഥാനത്തെ ഇത്തരം കേന്ദ്രങ്ങൾ വഴി 770-ലധികം ആളുകൾക്ക് സഹായം ലഭിക്കുകയും അതിൽ 250-ലധികം പേർക്ക് തൊഴിൽ കണ്ടെത്താൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. സേവനം ആവശ്യമുള്ളവർക്ക് 67 Brunswick Street, Fitzroy എന്ന വിലാസത്തിലോ 1300 875 004 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

