ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഗൾഫ് മേഖലയിൽ അതീവ ജാഗ്രത

മനാമ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം. ശനിയാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ബഹ്‌റൈനിലെ ജുഫൈറിൽ സ്ഥിതി ചെയ്യുന്ന യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. താവളത്തിന് നേരെ വന്ന മിസൈലുകൾ അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തു. അതിനാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്.ആക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സുരക്ഷ കർശനമാക്കി. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും ചുറ്റും സുരക്ഷാ വലയം തീർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *