സിഡ്‌നിയിൽ അഞ്ചാം പനി പടരുന്നു; രോഗബാധ അജ്ഞാത ഉറവിടത്തിൽ നിന്നെന്ന് ആരോഗ്യവകുപ്പ്

സിഡ്‌നി: സിഡ്‌നിയിൽ അഞ്ചാം പനി പടരുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. നേരത്തെ രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ സന്ദർശിക്കാത്ത ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, വൈറസ് സമൂഹത്തിൽ വ്യാപകമായി പടരുന്നതായി ന്യൂ സൗത്ത് വെയ്‌ൽസ് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത അഞ്ചാം പനി കേസുകളുടെ എണ്ണം 22 ആയി.

സൗത്ത് വെസ്റ്റ് സിഡ്‌നിയിൽ താമസിക്കുന്ന ഒരാൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫെബ്രുവരി 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഇയാൾ വോളി ക്രീക്കിലെ ‘ഫ്രഷ് ആൻഡ് ഹോട്ട്’ റെസ്റ്റോറന്റ്, ക്യാമ്പ്‌ബെൽടൗൺ, ഗ്രിഗറി ഹിൽസ് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ചിരുന്നു. ക്യാമ്പ്‌ബെൽടൗൺ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിലും ഇയാൾ എത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

രോഗബാധയുണ്ടായതായി തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ പോകാത്തവർക്കും ഇപ്പോൾ രോഗം കണ്ടുതുടങ്ങിയത് സ്ഥിതിഗതികൾ ഗൗരവമുള്ളതാക്കുന്നു. വൈറസ് ബാധയേറ്റവരുമായി നേരിട്ട് സമ്പർക്കമില്ലാത്തവരിലേക്കും അജ്ഞാതമായി രോഗം പടരുന്നതായി എൻ.എസ്.ഡബ്ല്യു ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു. പനി, കണ്ണുകൾ ചുവക്കുക, മൂക്കൊലിപ്പ്, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മൂന്നോ നാലോ ദിവസത്തിന് ശേഷം മുഖത്ത് തുടങ്ങി ശരീരമാകെ പടരുന്ന ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാം.

രോഗം ബാധിച്ച സ്ഥലങ്ങളിൽ പോയവർ മാർച്ച് 15 വരെ ലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് സൗത്ത് വെസ്റ്റേൺ സിഡ്‌നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റ് ഡോക്ടർ സ്റ്റീഫൻ കൊണാറ്റി നിർദ്ദേശിച്ചു. എം.എം.ആർ (MMR) വാക്സിൻ കൃത്യമായി എടുക്കുന്നതിലൂടെ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *