ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി (86) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഫെബ്രുവരി 28-ന് ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതി ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മരണം സ്ഥിരീകരിച്ചതോടെ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ മകൾ സഹ്റ മുസ്തഫാവി, കൊച്ചുമകൻ, മരുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.ഖമേനിയുടെ മരണം മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചിരിക്കുകയാണ്. ഇറാനിലെ അടിച്ചമർത്തൽ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കാനുള്ള നീക്കമാണിതെന്ന്” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.ഇസ്രായേലിന് നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിൽ ഈ നീക്കം നിർണ്ണായകമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചിപ്പിച്ചു.
തങ്ങളുടെ നേതാവിന്റെ മരണത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) പ്രസ്താവിച്ചു.1989 മുതൽ ഇറാന്റെ ഭരണചക്രം തിരിക്കുന്ന ഖമേനിയുടെ വിയോഗം രാജ്യത്ത് വലിയ ഭരണഘടനാ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാന്റെ പുതിയ പരമോന്നത നേതാവിനെ കണ്ടെത്താൻ അസംബ്ലി ഓഫ് എക്സ്പെർട്സ് (Assembly of Experts) അടിയന്തര യോഗം ചേരും.നിലവിൽ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഗൾഫ് രാജ്യങ്ങളിലുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

