ദുബായ്: ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടച്ചതോടെ ആഗോള വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിൽ. വിവിധ രാജ്യങ്ങളിലായി ഇതുവരെ 854 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽ ഒൻപതോളം വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ, ജോർദാൻ, ഇറാഖ്, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചു. ഇതോടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി. ഇത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചിരിക്കുന്നത്.യാത്രയ്ക്കിടെ വ്യോമപാത അടച്ചതോടെ പല വിമാനങ്ങളും പാതിവഴിയിൽ തിരിച്ചിറക്കേണ്ടി വന്നു. ഇത്തരത്തിൽ ഒൻപതോളം വിമാനങ്ങൾ ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
കണക്ഷൻ വിമാനങ്ങൾ ലഭിക്കാതെയും യാത്ര മുടങ്ങിയതിനാലും വിമാനത്താവളങ്ങളിൽ യാത്രക്കാർ വലയുകയാണ്. എയർലൈനുകൾ യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ തിരക്ക് വെല്ലുവിളിയാകുന്നുണ്ട്.

