ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ആവശ്യപ്പെട്ടു. മേഖലയിൽ യുദ്ധഭീതി പടരുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ.
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി പ്രവാസികൾക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. സാഹചര്യം വഷളാകുകയാണെങ്കിൽ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്വീകരിക്കണം.മേഖലയിലെ സംഘർഷം കാരണം വ്യോമഗതാഗതം തടസ്സപ്പെടുന്നത് പ്രവാസികളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
പല വിമാന സർവീസുകളും റദ്ദാക്കിയതോടെ അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടവർ പ്രതിസന്ധിയിലായിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം ഇതിനോടകം തന്നെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും എംബസികൾ അറിയിച്ചു.

