‘ഖമനയിയുടെ രക്തത്തിന് പകരം ചോദിക്കും’; കടുത്ത തിരിച്ചടിക്ക് ഉത്തരവിട്ട് ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ കടുത്ത പ്രതികാര നടപടികൾക്ക് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഖമനയിയെ ‘രക്തസാക്ഷി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

ഖമനയിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണത്തിന് തുടക്കമായി. ഇതിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.ശനിയാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഖമനയിക്കൊപ്പം ഇറാന്റെ പ്രധാന സൈനിക തലവന്മാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാൻ തിരിച്ചടിക്ക് മുതിർന്നാൽ ഇതിലും ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിൽ ഒരു പൂർണ്ണ തോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *