വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ ; ഹിന്ദിയും തമിഴും ഉൾപ്പെടെ 44 ഭാഷകൾ ഓൺലൈനായി പഠിക്കാം

മെൽബൺ: വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി 44 ആധുനിക വി.സി.ഇ ഭാഷകളുടെ പഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് വിക്ടോറിയൻ ലേബർ സർക്കാർ പ്രഖ്യാപിച്ചു. വിക്ടോറിയൻ സ്കൂൾ ഓഫ് ലാംഗ്വേജസ് വഴിയുള്ള ഓൺലൈൻ ക്ലാസുകളിലൂടെ ഹിന്ദി, പഞ്ചാബി, ബംഗാളി, തമിഴ് തുടങ്ങിയ പ്രധാന ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി.

ഒരു പുതിയ ഭാഷ പഠിക്കുന്നത് യുവതലമുറയെ തങ്ങളുടെ പാരമ്പര്യവുമായി ബന്ധിപ്പിക്കാൻ സഹായിക്കുക മാത്രമല്ല, അവരുടെ ഭാവിയിലേക്കുള്ള വാതിലുകൾ തുറക്കുമെന്നും പ്രീമിയർ ബെൻ കരോൾ പറഞ്ഞു. വിക്ടോറിയയിലെ ബഹുസ്വര സമൂഹത്തിൽ നൂറുകണക്കിന് ഭാഷകൾ സംസാരിക്കുന്നവരുണ്ട്. അതിനാൽ വിദ്യാർത്ഥികൾ താമസിക്കുന്ന പ്രദേശം നോക്കാതെ, അവർക്ക് ഇഷ്ടമുള്ള ഭാഷ പഠിക്കാനുള്ള അവസരം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രാദേശിക സ്കൂളുകളിൽ തങ്ങൾക്കിഷ്ടപ്പെട്ട ഭാഷകൾ പഠിക്കാൻ സൗകര്യമില്ലാത്ത ഗ്രാമീണ, വിദൂര മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമാകും.

പദ്ധതി പ്രകാരം, വി.എസ്.എൽ നിലവിൽ നൽകുന്ന 17 വി.സി.ഇ ഭാഷകളിൽ നിന്ന് 2028-ഓടെ മുഴുവൻ 44 ആധുനിക ഭാഷകളിലേക്കും ഓൺലൈൻ പഠനം വ്യാപിപ്പിക്കും. സ്കൂളുകളിൽ ഈ വിഷയങ്ങൾ നേരിട്ട് ലഭ്യമല്ലെങ്കിലും കുട്ടികൾക്ക് ഓൺലൈൻ വഴി പഠനം പൂർത്തിയാക്കാൻ സാധിക്കും. ഭാവിയിൽ സംസ്കൃതം കൂടി പഠനപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും ലേബർ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ഈ വർഷം 16,000-ലധികം വിദ്യാർത്ഥികൾ വി.സി.ഇ ഭാഷകൾ പഠിക്കുന്നുണ്ടെങ്കിലും, നിലവിൽ 800 പേർക്ക് മാത്രമാണ് വി.എസ്.എൽ വഴി ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നത്. പുതിയ 43 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിലൂടെ ഓൺലൈൻ ക്ലാസുകളുടെ ശേഷി വർദ്ധിപ്പിക്കാനും ആയിരക്കണക്കിന് പുതിയ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാനും സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ വില്യംസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *