ടെഹ്റാൻ: അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം നടത്തിയതിനും പിന്നാലെയാണ് ഇറാന്റെ ഈ കർശന നിലപാട്.
ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനിയാണ് അമേരിക്കയുമായുള്ള ചർച്ചകൾ തള്ളിക്കളഞ്ഞത്. ഇറാനിലെ പുതിയ നേതൃത്വം ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് ലാറിജാനി ഇത് നിഷേധിച്ചത്. “ഞങ്ങൾ അമേരിക്കയുമായി ചർച്ച നടത്തില്ല” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഇറാന്റെ പുതിയ നേതൃത്വം ചർച്ചകൾക്ക് താൽപ്പര്യം പ്രകടിപ്പിച്ചെന്നും താൻ അതിന് സമ്മതം മൂളിയെന്നുമാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ഇതിനായി ഉടൻ തന്നെ ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

