മിഡിൽ ഈസ്റ്റിൽ യുദ്ധം പടരുന്നു: ലബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 31 മരണം

ബെയ്റൂട്ട്: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, ലബനാനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു. ലബനീസ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും (ദഹിയ) തെക്കൻ ലബനാനിലുമായി നടന്ന ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 149 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ലബനീസ് അധികൃതർ അറിയിച്ചു.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ ശക്തമായ തിരിച്ചടി തുടങ്ങിയത്.

ഹിസ്ബുള്ളയുടെ ആസ്ഥാനങ്ങളും കമാൻഡ് സെന്ററുകളും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) അവകാശപ്പെട്ടു. ദക്ഷിണ ലബനാനിലെ 50-ലധികം ഗ്രാമങ്ങളിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയതോടെ ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.

ഫെബ്രുവരി 28-ന് തുടങ്ങിയ ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ എന്ന സൈനിക നീക്കത്തിലൂടെ ഇറാന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങളും നേതാക്കളും ആക്രമിക്കപ്പെട്ടു. ഇതിനെത്തുടർന്ന് കുവൈറ്റ്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാന്റെ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഹിസ്ബുള്ളയും ഇറാനും യുദ്ധത്തിൽ നേരിട്ട് ഇടപെട്ടതോടെ മേഖല പൂർണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *