യുദ്ധഭീഷണി: സൗദി കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു; ജീവനക്കാർക്ക് പുറത്തിറങ്ങാൻ അനുമതിയില്ല

കൊല്ലം: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യത്തെത്തുടർന്ന് സൗദി അറേബ്യയിലേക്കുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ ചൈനയിൽ നിന്നുള്ള കപ്പൽ കൊല്ലം തുറമുഖത്ത് അഭയം പ്രാപിച്ചു. സൗദിയിലെ ‘സീ-ഈദ്’ കമ്പനിക്കുവേണ്ടി ചൈനയിൽ നിർമിച്ച ‘സാക്കി വിഷൻ’ എന്ന കപ്പലാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്.

ചൈനയിൽ നിന്ന് സൗദിയിലെ റാഫ് തനൂറ തുറമുഖത്തേക്ക് പോകുകയായിരുന്ന കപ്പൽ ശ്രീലങ്ക പിന്നിട്ടപ്പോഴാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര അപകടകരമാണെന്ന് തിരിച്ചറിഞ്ഞത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിത താവളം തേടി കപ്പൽ അധികൃതർ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു.48 മീറ്റർ നീളവും 3.5 മീറ്റർ ഡ്രാഫ്റ്റുമുള്ള ഈ കപ്പൽ പ്രധാനമായും വലിയ കപ്പലുകളെ ഉൾക്കടലിൽ നിന്ന് കെട്ടിവലിക്കാനും മറ്റും ഉപയോഗിക്കുന്നതാണ്.

ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 12 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവർക്ക് കപ്പലിൽ തുടരാമെങ്കിലും കരക്കിറങ്ങാൻ അനുമതി നൽകിയിട്ടില്ല.പാക്സ് ഷിപ്പിങ് ഏജൻസി മുഖേനയാണ് കപ്പൽ പോർട്ട് ഓഫീസറുമായി ബന്ധപ്പെട്ടത്. തുടർന്ന് കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളുടെ അനുമതിയോടെ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു.

സമാനമായ സാഹചര്യം നേരിട്ട മറ്റ് രണ്ട് ചരക്ക് കപ്പലുകൾ കൂടി നങ്കൂരമിടാൻ സഹായം തേടിയിരുന്നു. എന്നാൽ അവ മംഗലാപുരം പിന്നിട്ടതിനാൽ മുംബൈ തുറമുഖത്തേക്ക് അയച്ചു.പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ അയവുണ്ടാകുന്നത് വരെ കപ്പൽ കൊല്ലം തുറമുഖത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *