കാരക്കാസ്: വെനസ്വേലയിൽ ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേർ മരിച്ചു. ബാരിനാസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത രണ്ട് മരണങ്ങൾക്കും ഹാന്റാവൈറസ് ബാധയുമായുള്ള ബന്ധം ആരോഗ്യ അധികൃതർ പരിശോധിച്ചുവരികയാണ്. നിലവിൽ രാജ്യത്ത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് വെനസ്വേല ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എലികളുടെയും മറ്റ് ചില വന്യ എലിവർഗങ്ങളുടെയും മൂത്രം, വിസർജ്യം, ഉമിനീർ എന്നിവയുമായി സമ്പർക്കത്തിലൂടെയാണ് ഹാന്റാവൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. പനി, തലവേദന, പേശിവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഗുരുതരമായാൽ ശ്വാസതടസ്സം, ശ്വാസകോശ സംബന്ധമായ തകരാറുകൾ, വൃക്കകളെ ബാധിക്കുന്ന അവസ്ഥകൾ എന്നിവയും ഉണ്ടാകാം.
എലികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക, എലികളുടെ വിസർജ്യവുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കുക, മലിനമായ ഇടങ്ങൾ അണുനശീകരണത്തിന് ശേഷം മാത്രം വൃത്തിയാക്കുക, ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ. ഹാന്റാവൈറസിന് നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രത്യേക വാക്സിനോ രോഗനിവാരണ ചികിത്സയോ ലഭ്യമല്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

