ന്യൂഡൽഹി: കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ ഔദ്യോഗിക വസതിയിൽ വീണ്ടും ചർച്ചയ്ക്ക് എത്തണമെന്ന സർക്കാർ ക്ഷണം കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നിരസിച്ചു. സർക്കാരിന് ചർച്ചയിൽ ആത്മാർഥതയുണ്ടെങ്കിൽ ജന്തർ മന്തറിലെ സമരവേദിയിലോ മറ്റ് നിഷ്പക്ഷ വേദിയിലോ എത്തണമെന്നാണ് സംഘടനയുടെ നിലപാട്.
തിങ്കളാഴ്ച നദ്ദയുമായി രണ്ട് ഘട്ട ചർച്ച നടന്നിരുന്നെങ്കിലും ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സി.ജെ.പി. അറിയിച്ചു. അതിനാൽ മന്ത്രിയുടെ വസതിയിൽ വീണ്ടും ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്നും സർക്കാർ സമരവേദിയിലെത്തി ചർച്ച നടത്തുകയാണ് ഉചിതമെന്നും സംഘടനയുടെ പ്രതിനിധികൾ വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, സോനം വാങ്ചുക്കിന്റെ മോചനം, സമരക്കാർക്കെതിരായ പൊലീസ് നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം വരുന്നതുവരെ സമരം തുടരുമെന്നും സി.ജെ.പി. അറിയിച്ചു.

