ബർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പൺ 2026 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ വൻ അട്ടിമറി. പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ചൈനയുടെ ഷി യു ക്വിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സെന്നിന്റെ ഉജ്ജ്വല വിജയം.
23-21, 19-21, 21-17 ആണ് സ്കോർ നില. ഒരു മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെൻ വിജയം പിടിച്ചെടുത്തത്. ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സെൻ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിലൂടെ ചൈനീസ് താരം ശക്തമായി തിരിച്ചുവന്നു. എന്നാൽ നിർണ്ണായകമായ മൂന്നാം സെറ്റിൽ മികച്ച നിയന്ത്രണവും കൃത്യതയാർന്ന സ്മാഷുകളുമായി സെൻ മത്സരം അനുകൂലമാക്കി.
ലോക ഒന്നാം നമ്പർ താരത്തിനെതിരെ ഒരു ബിഡബ്ല്യുഎഫ് (BWF) വേൾഡ് ടൂർ ഇവന്റിൽ ലക്ഷ്യ സെൻ നേടുന്ന ആദ്യ വിജയമാണിത്. 2022-ലെ ഓൾ ഇംഗ്ലണ്ട് ഫൈനലിസ്റ്റായ സെൻ, ഈ വിജയത്തോടെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി.

