നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നാളെ കൊച്ചിയിലെത്തും

കൊച്ചി: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നാളെ കൊച്ചിയിലെത്തും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

സന്ദർശന വേളയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ (BLO) എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തും. വോട്ടർ പട്ടിക പുതുക്കൽ, പോളിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിലയിരുത്തും.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കന്നി വോട്ടർമാരുമായി അദ്ദേഹം സംവദിക്കും. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഗോശ്രീ പാലം, ദർബാർ ഹാൾ ഗ്രൗണ്ട്, മറൈൻ ഡ്രൈവ്, ചീനവല പാലം, ചെറായി ബീച്ച്, മ്യൂസിക്കൽ വാക്ക് വേ എന്നിവിടങ്ങളാണ് സന്ദർശന പട്ടികയിലുള്ളത്.

തിരഞ്ഞെടുപ്പ് സുതാര്യമായും സമാധാനപരമായും നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷണറുടെ ഈ സന്ദർശനം. കൊച്ചിയിലെ വിവിധ പരിപാടികൾക്ക് ശേഷം അദ്ദേഹം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തുമെന്നും തുടർ നിർദ്ദേശങ്ങൾ നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *